പുതുവർഷത്തെ വരവേറ്റ് കേരളം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി മയങ്ങി. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു ആളുകൾ. ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ പൊലീസിന്റെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. കോവളം, വർക്കല, ഫോർട്ട് കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള ആഘോഷങ്ങളാണ് നടന്നത്. പുതുവത്സരാഘോഷം നടക്കുന്ന പ്രധാന സ്ഥലമായ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ വൻ ജനാവലിയാണ് എത്തിയത്. വയനാട് ഉൾപ്പടെ പല സ്ഥലങ്ങളിലും പുതുവത്സരാഘോഷം നടന്നു.
ഫോർട്ട്കൊച്ചി പരേഡ് മൈതാനത്ത് ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കാത്തതിനാൽ വെളി മൈതാനമാണ് ആഘോഷത്തിന്റെ കേന്ദ്രമായത്.ലോകം കണ്ണുനട്ട് കാത്തിരുന്നപ്പോൾ പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ദ്വീപിലെ ആഘോഷം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ആണ് കിരിബാസിലെ ക്രിസ്മസ് ദ്വീപിൽ പുതുവർഷം പിറന്നത്. അമേരിക്കയിലെ ബേക്കർ ഐലണ്ടിലും ഹൗലൻഡ് ഐലണ്ടിലുമാണ് ഏറ്റവുമൊടുവിൽ പുതുവത്സരമെത്തുന്നത്