യാത്ര ചെയ്യുമ്പോഴും മറ്റും ടീബാഗ് ചായകളെ ആശ്രയിക്കുന്നവരാണ് പലരും. എളുപ്പത്തില്‍ മുക്കി ഒരു ചായ ഉണ്ടാക്കിയതിന് ശേഷം ഉപേക്ഷിച്ച് കളയാമെന്ന സൗകര്യവും ഇവയ്ക്കുണ്ട്. എന്നാല്‍ ടീബാഗുകളുടെ പുറം ആവരണത്തിനായി ഉപയോഗിക്കുന്ന പോളിമര്‍ അധിഷ്ഠിത സാമഗ്രികള്‍ ലക്ഷണക്കണക്കിന് നാനോപ്ലാസ്റ്റിക്കുകളെയും മൈക്രോപ്ലാസ്റ്റിക്കുകളെയും വെളിയില്‍ വിടുന്നതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഓട്ടണമസ് യൂണിവേഴ്‌സിറ്റി ഓഫ് ബാഴ്‌സലോണയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. നൈലോണ്‍-6, പോളിപ്രൊപ്പിലീന്‍, സെല്ലുലോസ് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ടീബാഗുകളാണ് പഠനത്തിന് ഉപയോഗിച്ചത്. ചൂട് വെള്ളത്തിലേക്ക് ഇവ മുക്കുമ്പോള്‍ ഒരു മില്ലിലീറ്ററിന് 1.2 ബില്യണ്‍ എന്ന അളവില്‍ നാനോപ്ലാസ്റ്റിക്കുകള്‍ പോളിപ്രൊപ്പിലീന്‍ വെളിയില്‍ വിടുന്നതായി ഗവേഷകര്‍ കണ്ടെത്തി. സെല്ലുലോസ്, നൈലോണ്‍-6 എന്നിവയും ദശലക്ഷണക്കണക്കിന് നാനോപ്ലാസ്റ്റിക്കുകളും മൈക്രോപ്ലാസ്റ്റിക്കുകളും പുറത്ത് വിടുന്നുണ്ടെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. മനുഷ്യരുടെ കുടലിലെ കോശങ്ങള്‍ ഇത്തരം നാനോപ്ലാസ്റ്റിക്കുകളെ വലിച്ചെടുക്കുന്നത് വഴി അവ രക്തപ്രവാഹത്തിലെത്തി ചേര്‍ന്ന് ശരീരം മുഴുവന്‍ വ്യാപിക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ടീബാഗ് ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം പുതിയ പഠനങ്ങൾ
