കാട്ടിക്കുളം എടയൂര്‍ക്കുന്നിന് സമീപം ജനവാസമേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ ആര്‍ആര്‍ടി സംഘം പിടികൂടി. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയാന ജനവാസമേഖലയില്‍ എത്തിയത്. കുട്ടിയാനയെ തോല്‍പ്പെട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റി. ശരീരത്തിലും കാലിലും മുറിവേറ്റ നിലയിലാണ് കുട്ടിയാന. കടുവ ഓടിച്ചപ്പോള്‍ ഉണ്ടായ പരുക്കാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പരുക്ക് സാരമുള്ളതല്ല. രണ്ട് വയസ്സ് പ്രായമുള്ള ആണ്‍ കുട്ടിയാനയെയാണ് പിടികൂടിയത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ ജനവാസമേഖലയില്‍ വീടുകള്‍ക്ക് സമീപം ഓടി നടക്കുകയായിരുന്നു കുട്ടിയാന. ആര്‍ആര്‍ടി സംഘവും വനപാലകരും നാട്ടുകാരും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി മുതല്‍ ആന പ്രദേശത്തുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടിലേക്ക് തിരികെ കയറ്റാനായിരുന്നു നീക്കമെങ്കിലും പരുക്ക് ശ്രദ്ധയില്‍പ്പെട്ടതോടെ പിടികൂടുകയായിരുന്നു. ചികിത്സയ്ക്ക് ശേഷമായിരിക്കും ആനയെ കാട്ടിലേക്ക് അയയ്ക്കണോ എന്നതില്‍ തീരുമാനമെടുക്കുക.