പുൽപ്പള്ളി : അമരക്കുനിയിലെ കടുവയെ പിടികൂടാൻ നാളെ സ്പെഷ്യൽ ഓപ്പറേഷൻ. കടുവാ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കടുവയെ പിടികൂടാനുള്ള തീരുമാനം.മയക്കുവെടി ദൗത്യത്തിനും ആലോചനയുണ്ട്. ഡോ. അരുൺ സക്കറിയ കൂടി സ്പെഷ്യൽ ഓപ്പറേഷൻ ടീമിനൊപ്പം ചേരും.
കഴിഞ്ഞ ദിവസങ്ങളിലായി കടുവ രണ്ടിടങ്ങളിൽ ആടുകളെ കൊന്നിരുന്നു. വനംവകുപ്പ് വെച്ച ക്യാമറ ട്രാപ്പിൽ ലഭ്യമായ കടുവയുടെ ചിത്രവും പുറത്തുവന്നിരുന്നു. കേരളത്തിൻറെ ഡാറ്റാബേസിൽ ഇല്ലാത്ത കടുവയാണിത്.കർണാടക വനമേഖലയിൽ നിന്നും എത്തിയതാണെന്നാണ് സംശയം.വനപാലകർ പ്രദേശത്തെ കൃഷിയിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഒന്നും തന്നെ കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടുവ തിരികെ വനമേഖലയിലേക്ക് തന്നെ കടന്നിരിക്കുമെന്ന നിഗമനത്തിലാണ് ഇപ്പോൾ ഉദ്യോഗസ്ഥരുള്ളത്. എങ്കിൽ പോലും വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് നിരീക്ഷിച്ചുവരികയാണ്. പട്രോളിങ്ങും തുടരുന്നുണ്ട്.