സുൽത്താൻ ബത്തേരി: എട്ട് കിലോഗ്രാം കഞ്ചാവുമായി മുത്തങ്ങയിൽ യുവാവ് എക്സൈസിൻ്റെ പിടിയിലായി. തൃശൂർ മുകുന്ദപുരം താഴെക്കാട് കുഴിക്കാട്ടുശേരി പരിയാടൻ ലിബിൻ ജോൺസനെയാണ്(26) എക്‌സൈസ് ഇൻസ്‌പെക്ടർ ജി.എം. മനോജ്കുമാറും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം ചെക്‌പോസ്റ്റിൽ ചെന്നൈ-കോഴിക്കോട് ഭാരതി ബസിൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ബസിൽ യാത്രക്കാരനായിരുന്നു ലിബിൻ. മൈസൂരുൽനിന്നു വാങ്ങിയ കഞ്ചാവ് വിൽപനയ്ക്ക് തൃശൂരിനു കൊണ്ടുപോകുകയായിരുന്നു എന്നാണ് ഇയാളുടെ മൊഴി. രഹസ്യവിപണയിൽ ലക്ഷത്തിലേറെ രൂപ വിലമതിക്കുന്നതാണ് കഞ്ചാവ്. പ്രിവൻ്റീവ് ഓഫീസർമാരായ വി. അബ്ദുൾസലീം, പി.വി. രജിത്ത്,സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.സി. സജിത്ത്, വി. സുധീഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.പി. സിബിജ, പി.എം. സിനി എന്നിവരടങ്ങുന്ന സംഘമാണ് ബസ് പരിശോധിച്ചത്.പ്രതിയെ തുടർനടപടിക്കു എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി.