മാനന്തവാടി : പഞ്ചാര കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കരിച്ചു .വയനാട് ഗവ. മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തുടർന്ന് പത്തരയോടെ സംസ്‌കാരച്ചടങ്ങുകൾ ആരംഭിച്ചു. മന്ത്രി ഒആർ കേളു ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. മക്കളായ അനിലും അനീഷയും ഭർത്താവ് അച്ചപ്പനും മൃതദേഹം കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
ഗോത്രവിഭാഗക്കാരായ ഇവർ താമസിക്കുന്നതിന് സമീപത്തെ സമുദായ ശ്മശാനത്തിലാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ നിരോധനാജ്ഞ തുടരുകയാണ്. മാനന്തവാടി നഗരസഭാ പരിധിയിൽ കോൺഗ്രസ്, എസ്‌ഡിപിഐ ആഹ്വാനം ചെയ്‌ത ഹർത്താൽ പുരോഗമിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്. അതിനിടെ നരഭോജിക്കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ വനം വകുപ്പ് ഊർജിതമാക്കി.എന്നാൽ കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്.