കടുവ സാന്നിധ്യം സംശയിക്കുന്ന വയനാട്ടിലെ മറ്റു പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി ശശീന്ദ്രൻ

മാനന്തവാടി : പഞ്ചാരക്കൊല്ലിയിൽ ഭീതി വിതച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ജില്ലയിൽ കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റു സ്ഥലങ്ങളിൽ വനം വകുപ്പ് പ്രത്യേകസംഘം ഇന്നും നാളെയുമായി പരിശോധന തുടരുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

 

തിങ്കളാഴ്ച രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത് മലയോര ജനതയ്ക്കും പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്കും അങ്ങേയറ്റം ആശ്വാസകരമാണ്. കടുവയെ പിടികൂടാൻ ജീവൻ അപകടത്തിൽപ്പെടുത്തിയും ആത്മാർത്ഥ ശ്രമം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു.പക്ഷേ, ഇതുകൊണ്ട് സ്പെഷ്യൽ ഓപ്പറേഷൻ സംഘത്തിന്റെ ജോലി അവസാനിക്കുന്നില്ല. കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റ് പ്രദേശങ്ങളിലും തെരച്ചിൽ തുടരാനുള്ള ഓപ്പറേഷൻ പദ്ധതി തയ്യാറാക്കാനും ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ചീഫ് വൈൽഡ് ലൈഫ് വാർഡനും വയനാട് ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്, മന്ത്രി വ്യക്തമാക്കി. തുടർനടപടികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

 

പഞ്ചാരകൊല്ലിയിൽ സംഭവിച്ചത് പോലെയുള്ള വിഷയങ്ങളിൽ പെട്ടെന്ന് നൂറു ശതമാനം പരിഹാരം പ്രതീക്ഷിക്കരുത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവ് ഉണ്ടായാൽ അത് ചൂണ്ടിക്കാണിക്കപ്പെടുകയും ഭരണകൂടം തിരുത്തൽ നടത്തുകയും ചെയ്യും. എന്നാൽ, ജനങ്ങളുടെ മനസ്സിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ കുറിച്ച് ഇപ്പോഴും നേരത്തെയുള്ള ചിത്രമാണുള്ളത്. പഞ്ചാരക്കൊല്ലിയിലെ ദൗത്യം രാപ്പകലില്ലാതെ ജീവൻ അപകടത്തിൽപ്പെടുത്തിയാണ് ഉദ്യോഗസ്ഥർ ചെയ്തത്. അവിടെ സ്ത്രീ കൊല്ലപ്പെട്ടശേഷം നടന്ന കൂടിയാലോചന യോഗത്തിലെ തീരുമാനങ്ങളെ നാട്ടുകാർ ആവേശപൂർവ്വമാണ് സ്വീകരിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിൽ ആശയവിനിമയം നടത്തി ജനങ്ങൾക്ക് സമാധാനം ഉറപ്പുവരുത്തുന്ന നടപടികളാണ് കൈക്കൊള്ളുക.

 

കടുവ ചത്തതിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *