കൽപ്പറ്റ: ജില്ലയിലെ രണ്ട് ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ വയനാട് ജില്ലാ കൗൺസിൽ അംഗവുമായിരുന്ന കലേഷ് സത്യാലയം, ഡിവൈഎഫ്ഐ ബത്തേരി വില്ലേജ് മുൻ ട്രഷറർ സനീഷ് റഹ്മാനുമാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. പാർട്ടിക്കുള്ളിലെ അവഗണനയെ തുടർന്നാണ് ഇടത് രാഷ്ടീയം ഉപേക്ഷിച്ചതെന്ന് ഇരുവരും വ്യക്തമാക്കി. ജില്ലയിലെ പ്രവർത്തനവും വളർച്ചയുമാണ് ബിജെപിയിലേക്ക് അടുപ്പിച്ചതെന്നും ഇരുവരും വ്യക്തമാക്കി.
ബിജെപി ജില്ലാ ഓഫീസില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ഇരുവരെയും പൊന്നാടയണിയിച്ച് സ്വീകരിച്ചു. ജില്ലയിലെ അടിസ്ഥാന വര്‍ഗ്ഗ ജനങ്ങളോടുള്ള അവഗണനക്കെതിരെ ഇരുവരെയും ചേര്‍ത്ത് നിര്‍ത്തി കൊണ്ട് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രശാന്ത് മലവയല്‍ പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം കെ സദാനന്ദന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ ശ്രീനിവാസന്, എം പി സുകുമാരന്‍, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ശിവദാസ് വിനായക, ബത്തേരി മണ്ഡലം ജനറല്‍ സെക്രട്ടറി ലിലില്‍ കുമാര്‍, പി വി ന്യൂട്ടന് തുടങ്ങിയവര്‍ സംസാരിച്ചു.