കൽപ്പറ്റ : വർദ്ധിച്ചു വരുന്ന ലഹരി, സൈബർ ക്രൈം കുറ്റകൃത്യങ്ങൾക്കെതിരെ അധികാര സിരാ കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ ഇടപെടലുകൾ ആവശ്യപ്പെട്ട് കൊണ്ട് വയനാട് ജില്ലാ എസ് എസ് എഫ് സംഘടിപ്പിച്ച എസ് പി ഓഫീസ് മാർച്ച് ജില്ലാ ആസ്ഥാനത്ത് നടത്തി. ഡ്രഗ്സ്, സൈബർക്രൈം ‘അധികാരികളേ നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് മാർച്ച് നടന്നത്.
രാവിലെ 11 മണിക്ക് കൽപറ്റ പുതിയ ബസ്റ്റാന്റ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ചിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാബിർ സഖാഫി പ്രമേയ പ്രഭാഷണം നടത്തി. സമൂഹത്തിൽ ലഹരിയെന്ന വിപത്ത് വ്യാപകമായിട്ടും കൃത്യമായ നിയമ നിർവഹണങ്ങളും, നിയമനങ്ങളും എന്ത് കൊണ്ട് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല എന്ന ചോദ്യം അദ്ദേഹമുന്നയിച്ചു. അതോടൊപ്പം ലോക തലത്തിൽ പല രാജ്യങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ഇത്തരം വിപത്തുകളെ സംബന്ധിച്ചുള്ള പഠനങ്ങൾ നടക്കുകയും പരിഹാര മാർഗങ്ങൾ നടപ്പിലാക്കുകയും ചെയ്യുമ്പോൾ നമ്മുടെ യൂണിവേഴ്‌സിറ്റികളിൽ നിന്ന് അത്തരം ശ്രമങ്ങൾ ഉണ്ടാകുന്നില്ല എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ. ഒ അഹമ്മദ് കുട്ടി ബാഖവി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബഷീർ സഅദി നെടുംങ്കരണ എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വർദ്ധിച്ചു വരുന്ന ലഹരി, സൈബർ ക്രൈം കുറ്റകൃത്യങ്ങൾക്കെതിരെ അധികാര സിരാ കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ ഇടപെടലുകൾ ആവശ്യപ്പെട്ട് കൊണ്ട് വിഷയത്തിന്റെ ഗൗരവം അറിയിക്കുന്ന നിവേദനം എസ് പിക്ക് കൈമാറുകയും ചെയ്തു. ബഷീർ കുഴിനിലം സ്വാഗതവും, റംഷാദ് ബുഖാരി കൈതക്കൽ നന്ദി പറയുകയും ചെയ്തു.