തിരുവനന്തപുരം:കെഎസ്‌ആർടിസിയില്‍ ചില തൊഴിലാളി സംഘടനകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് കർശനമായി നേരിടാൻ മാനേജ്മെന്‍റ്. പണിമുടക്കുന്ന തൊഴിലാളികള്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അന്നേ ദിവസം സാധാരണ പോലെ എല്ലാ സർവീസുകളും കൃത്യമായി ഓപ്പറേറ്റ് ചെയ്യണമെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ നിർദേശംനല്കിയിട്ടുണ്ട്. കൂടാതെ ആശുപത്രികള്‍, എയർപോർട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം കൂടുതല്‍ സർവീസുകള്‍ നടത്തണം.
എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന പക്ഷം പോലീസ് സഹായം തേടേണ്ടതും മുൻകൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ രേഖാമൂലം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ ആവശ്യപ്പെടേണ്ടതുമാണ്. സർവീസ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ ബന്ധപ്പെട്ട ഉത്തരവാദികളില്‍ നിന്ന് നഷ്ടം ഈടാക്കുന്നതാണ്.സ്റ്റേ സർവീസുകള്‍, ദീർഘദൂര സർവീസുകള്‍, റിസർവേഷൻ സർവീസുകള്‍, ഇന്‍റർസ്റ്റേറ്റ് സർവീസുകള്‍ എന്നിവ കൃത്യമായും ഓപ്പറേറ്റ് ചെയ്യേണ്ടതും യാത്രക്കാർക്ക് ബുദ്ധിമുട്ട് വരാതെ ആവശ്യമായ ക്രമീകരണങ്ങള്‍ മുൻകൂട്ടി ഏർപ്പെടുത്തുന്നതിനും മേഖലാ സിടിഒ-മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.