കൽപ്പറ്റ: കേരളത്തിലും ദക്ഷിണ കർണാടകയിലും രാസലഹരികൾ വിൽക്കുന്ന സംഘത്തിലെ ഇടനിലക്കാരൻ പൊലീസ് പിടിയിൽ. ഡ്രോപ്പെഷ് , ഒറ്റൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ രവീഷ് കുമാറിനെയാണ് തിരുനെല്ലി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി മാനന്തവാടിയിൽവെച്ച് കഴിഞ്ഞ ഞായറാഴ്ച്ച പിടികൂടിയത്.
കഴിഞ്ഞ വർഷം ജൂലൈ മാസം 265. 55 ഗ്രാം മെത്തഫിറ്റമിനുമായി കാസർഗോഡ് സ്വദേശി മുഹമ്മദ് സാബിർ പിടിയിലായിരുന്നു. കേസിൻ്റെ തുടരന്വേഷണത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത് രവീഷാണെന്ന് വ്യക്തമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സോഫ്റ്റ് വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ഇയാൾ ലഹരിക്കടത്തിൻ്റെ ഭാഗമായത്. വയനാട്, മലപ്പുറം, കോഴിക്കോട് , കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇയാൾ ലഹരിക്കടത്തിൽ ഏർപ്പെട്ടിരുന്നത്. മുൻപ് എംഡിഎംഎ കേസിൽ മടിക്കേരി ജയിലിലായിരുന്ന രവീഷ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് ലഹരിക്കടത്തിലേക്കിറങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. തിരുനെല്ലി ഇൻസ്പെക്ടർ എസ് എച്ച് ഒ ലാൻ സി ബേബി, എ എസ് ഐ മെർവിൻ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി ആർ രാഗേഷ്, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്