പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി ; കൃത്യമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച് നൂല്‍പുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍

ബത്തേരി: ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂല്‍പുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്‌കൂള്‍ ഹെല്‍ത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ ആരോഗ്യ പരിശോധനയിലാണ് ഉയര്‍ന്ന ബിപി കണ്ടെത്തിയത്. കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായി അതീവ ഗുരുതരമായ അവസ്ഥയിലേക്ക് പോകുമായിരുന്ന സാഹചര്യത്തെ തക്ക സമയത്ത് കണ്ടെത്തി ശരിയായ രീതിയില്‍ ഇടപെട്ട് ചികിത്സ ഉറപ്പാക്കി. മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

 

സ്‌കൂള്‍ ഹെല്‍ത്ത് പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനിടയിലാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആര്‍ബിഎസ്‌കെ നഴ്സുമാരായ റീത്ത, ടിന്റു കുര്യക്കോസ് എന്നിവര്‍ അസാധാരണമായി ഉയര്‍ന്ന ബിപിയുള്ള കൗമാരക്കാരനെ കണ്ടെത്തിയത്. സംശയം തോന്നിയ അവര്‍ മറ്റൊരു ബിപി അപാരറ്റസില്‍ പരിശോധിച്ചപ്പോഴും റീഡിങ് ഒന്ന് തന്നെയായിരുന്നു. കുട്ടിയ്ക്ക് അടിയന്തര വൈദ്യപരിചരണം ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ അവര്‍ അധ്യാപകരേയും രക്ഷിതാക്കളേയും വിവരം അറിയിച്ച് സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.

 

വിദഗ്ധ പരിശോധനയില്‍ കുട്ടിക്ക് ശരീരത്തിലെ പ്രധാന രക്തധമനിയായ അയോര്‍ട്ട ചുരുങ്ങുന്ന അവസ്ഥയാണെന്ന് കണ്ടെത്തുകയും ഹൃദ്രോഗ ചികിത്സ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ബലൂണ്‍ സര്‍ജറി നടത്തി. തക്ക സമയത്ത് കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നല്‍കാനായതിനാലാണ് അപകടാവസ്ഥ തരണം ചെയ്യാന്‍ കഴിഞ്ഞതെന്ന് ഡോക്ടര്‍ അറിയിച്ചു.

 

നിശബ്ദനായ കൊലയാളിയാണ് രക്താതിമര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍. പലപ്പോഴും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗം കൂടിയാണ് രക്താതിമര്‍ദ്ദം. പ്രത്യേകിച്ചും കുട്ടികളിലും യുവതീ യുവാക്കളിലും ലക്ഷണങ്ങള്‍ പ്രകടമാകാന്‍ സമയമെടുത്തേക്കാം. ഇടയ്ക്കിടെയുള്ള പരിശോധനകളാണ് ഈ അവസ്ഥയെ കണ്ടെത്താനുള്ള പ്രതിവിധി.

 

ആരോഗ്യ വകുപ്പ് വിദ്യാലയങ്ങളിലൂടെ നടപ്പിലാക്കി വരുന്ന സ്‌കൂള്‍ ഹെല്‍ത്ത് പരിപാടിയിലൂടെ ഇതുവരെ 50 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയാണ് പരിശോധിച്ചിട്ടുള്ളത്. കുട്ടികളുടെയും കൗമാരക്കാരുടെയും ശാരീരിക മാനസിക ആരോഗ്യത്തെ നിരന്തരം നിരീക്ഷിച്ചും പരിശോധിച്ചും സുസ്ഥിതിയില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ളതാണ് ഈ പദ്ധതി. സ്‌കൂള്‍ ഹെല്‍ത്ത് പരിശോധനകളിലൂടെ രോഗസാധ്യതയുള്ള നിരവധി വിദ്യാര്‍ത്ഥികളെ കണ്ടെത്തി തുടര്‍ പരിശോധനയും ചികിത്സയും ഉറപ്പാക്കിവരുന്നു

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *