നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്തായിരിക്കണം രണ്ടടി സമചതുരത്തിൽ കുഴി എടുക്കേണ്ടത്. കുഴി എടുക്കുമ്പോൾ കിട്ടുന്ന മണ്ണ് കുഴിയുടെ മുകളിൽ ഒരു വശത്ത് മാത്രം കൂട്ടി വെയ്ക്കുക.5 കിലോ ചാണകപ്പൊടിയും, ഒരു കിലോ വേപ്പിൻ പിണ്ണാക്കും, ഒരു കിലോ കടലപ്പിണ്ണാക്കും, അരക്കിലോ റോക്‌ഫോസ്ഫേറ്റും മണ്ണിൽ ചേർത്ത് നന്നായി മണ്ണുമായി കൂട്ടിക്കലർത്തുക.മണ്ണും വളവുമായി കൂട്ടിക്കലർത്തിയ മിശ്രിതം കുഴിയിലിട്ട് മൂടുക.മരച്ചീനി നടുവാൻ മണ്ണു കൂന കൂട്ടുന്നതുപോലെ കൂന എടുക്കുക.ഒരുമീറ്റർ വ്യാസം ഉണ്ടായിരിക്കണം.
കൂന കുറഞ്ഞത് അരയടി ഉയരത്തിലായിരിക്കണം. കൂനയുടെ മുകളിൽ പ്ലാസ്റ്റിക് കൂടയുടെ തൈ ഇറക്കി വെയ്ക്കാൻ പാകത്തിന് ഒരു ചെറിയകുഴി എടുക്കുക. അതിൽ അരക്കിലോ ചാണകപ്പൊടി ഇടുക. പ്ലാവിൻ തൈ കൂടയോടുകൂടി കുഞ്ഞു കുഴിയുടെ വക്കത്ത് വയ്ക്കുക. നിലത്ത് ഇരുന്നുകൊണ്ട് മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് മുകളിൽ നിന്നും താഴേക്ക് പ്ലാസ്റ്റിക് കവർ കീറുക. സാവകാശം ആയിരിക്കണം കീറേണ്ടത്. പ്ലാസ്റ്റിക് കൂടയിലെ മണ്ണുപൊട്ടാൻ പാടില്ല. മണ്ണുപൊട്ടിയാൽ വേരുപൊട്ടും. വളർച്ച നിൽക്കും.രണ്ടു വർഷത്തിനുള്ളിൽ ചക്ക കായിക്കാതെയും വരും. മണ്ണു പൊട്ടാതെ സാവകാശം കൂടയിലെ പ്ലാവിൻ തൈ കുഴിയിൽ വെയ്ക്കുക.തൈ നേരെയാണോ എന്ന് ഉറപ്പ് വരുത്തുക. അൽപ്പം ചാണകപ്പൊടി കൂടി കുഴിയിലേക്കിടുക, വശങ്ങളിൽ നിന്നും മണ്ണ് കുഴിയിലിട്ട് മൂടുക.കൂടുതൽ ബലം ഉപയോഗിച്ച് മണ്ണ് ഉറപ്പിക്കരുത് കൂടയിലെ മണ്ണിന്റെ നിരപ്പിൽ നിന്നും ശരാശരി 3 ഇഞ്ച് മുകളിലായിരിക്കണം ബഡ് സന്ധി നിൽക്കേണ്ടത്.
ബഡ് സന്ധി ഒരു കാരണവശാലും മണ്ണിനടിയിൽ ആയിരിക്കരുത്. അങ്ങനെ വന്നാൽ ബഡ് സന്ധിയിൽ ഫംഗസ് പിടിക്കും. തൈ ഉണങ്ങാൻ സാധ്യത ഉണ്ട്.മഴയില്ലെങ്കിൽ രണ്ടുനേരം നനക്കുക. രണ്ടുമാസം കൂടുമ്പോൾ 1kg ചാണകപ്പൊടി,100ഗ്രാം വേപ്പിൻ പിണ്ണാക്ക്,100ഗ്രാം കടലപ്പിണ്ണാക്ക് കൂടി ചേർത്ത് ചുവട്ടിൽ നിന്നും ഒരടി അകലത്തിൽ തൂളിക്കൊടുക്കുക. പത്തടി ഉയരത്തിലെത്തിയാൽ പ്ലാവിന്റെ തലയ്ക്കം മുറിച്ചു വിടുക.തടിയും കമ്പുകളും ബലപ്പെടാൻ സഹായിക്കും. തടിയിലും ശിഖരങ്ങളിലും ചക്ക കായിക്കും. നിലത്തു നിന്ന് ചക്കകൾ പറിക്കാം.ഇലപ്പുള്ളി രോഗം കണ്ടാൽ “എക്കാലക്സ് “ഒരു ലിറ്റർ വെള്ളത്തിൽ ഒരു മില്ലി മിക്സ് ചെയ്ത് സ്പ്രേ ചെയ്യുക.
ഒന്നര വർഷത്തിനുള്ളിൽ കായ്ച്ചാൽ ഇടിച്ചക്കയായി പറിച്ച് വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുക. രണ്ടാം വർഷം മുതൽ രണ്ടോ, മുന്നോ ചക്കകൾ മാത്രം വിളയാൻ നിർത്തുക. ബാക്കിയുള്ളവ ഇടിച്ചക്കയായി വിൽക്കുക. വർഷത്തിൽ ശരാശരി രണ്ടു തവണ കായ്‌ഫലം തരും.10×10 അകലത്തിൽ നട്ടാൽ ഒരേക്കറിൽ 400 ബഡ് പ്ലാവ് നാടാവുന്നതാണ്. റബ്ബർ തോട്ടം പോലെ “പ്ലാവ് തോട്ടങ്ങൾ” നട്ടുപിടിപ്പിക്കാവുന്നതാണ്. ചക്കയെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിദേശ കമ്പോളങ്ങളിൽ വിറ്റഴിക്കാവുന്നതാണ്.