മാനന്തവാടി : യു.കെ. വിസ വാഗ്‌ദാനം ചെയ്‌തു തട്ടിപ്പു നടത്തിയ കൊല്ലം മുണ്ടക്കൽ ലക്ഷ്‌മി നഗർ ഷാൻ വില്ലയിൽ എസ്.ഷാൻ സുലൈമാൻ (40) ൻ്റെ പേരിൽ വയനാട്ടിലും കേസ്. മാനന്തവാടി കണിയാരം കുറ്റിമൂല സ്വദേശിയിൽ നിന്നു നാലര ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് മാനന്തവാടി പോലീസ് കേസെടുത്തത്. മുഴക്കുന്ന് പോലീസ് അറസ്റ്റു ചെയ്ത ഷാൻ ഇപ്പോൾ കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിൽ തടവിലാണ് ഇവിടെയെത്തി മാനന്തവാടി എസ്.ഐ. എം. സി. പവനൻ ഫോർമൽ അറസ്റ്റു രേഖപ്പെടുത്തി.
ജനുവരി 22-നു മുഴക്കുന്ന് പോലീസ് ഇൻസ്പെക്ടർ എ.വി. ദിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഷാനിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നു പിടികൂടിയത്. മുഴക്കുന്ന് എസ്.ഐ എൻ. വിപിനും സംഘവുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാക്കയങ്ങാട് എടത്തൊട്ടി സ്വദേശിയിൽനിന്നു 11.32ലക്ഷം രൂപ തട്ടിയ കേസിലാണ് ഷാനിനെ മുഴക്കുന്ന് പോലീസ് അറസ്റ്റു ചെയ്‌തത്. 2022ലാണ് കേസിനാസ്പദമായ സംഭവം. വിസ കിട്ടാതായതോടെ നിരവധി തവണ സമീപിച്ചപ്പോൾ നാലു ലക്ഷം രൂപ മടക്കി നൽകി തുടർന്ന് നോർക്ക സെല്ലിനെ സമീപിക്കുകയായിരുന്നു. നോർക്ക സെൽ വഴിയാണ് മുഴക്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വിദേശത്തേക്ക് കടന്ന ഷാനിനായി പോലീസ് ലുക്കൗട്ട് നോട്ടീസുൾപ്പെടെ പുറപ്പെടുവിച്ചിരുന്നു. മാനന്തവാടി, മുഴക്കുന്ന് സ്റ്റേഷനുകളിലെ കേസുകൾക്കു പുറമേ ഷാനിൻ്റെ പേരിൽ മരട്, ചേവായൂർ പോലീസ് സ്റ്റേഷനുകളിലുൾപ്പെടെ ഏഴു കേസുകളുണ്ട്.