പനമരം : സൗജന്യമായി വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി മുങ്ങിയ പ്രതിയെ പനമരം പോലീസ് അറസ്റ്റുചെയ്തു. മാനന്തവാടി ആറാട്ടുതറ സ്വദേശി പുളിക്കപുളി വീട്ടിൽ ശ്യാം മുരളി ( 32 ) യാണ് പിടിയിലായത്.പനമരം പ്രദേശത്തെ പലരിൽ നിന്നും സൗജന്യമായി വീട് നിർമിച്ചു നൽകാമെന്നു പറഞ്ഞ്, രജിസ്ട്രേഷൻ ഫീസായി പലരിൽ നിന്നായി എട്ട് ലക്ഷത്തോളം രൂപ വാങ്ങിയെന്ന പരാതിയിൽ 2024 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.
ഒളിവിൽപോയ പ്രതി ആദ്യം കേരള ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ജാമ്യ അപേക്ഷ നൽകിയിരുന്നു. സുപ്രീംകോടതി ജാമ്യ അപേക്ഷ തള്ളിയതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ പുളിഞ്ഞാലിൽ വച്ചാണ് പ്രതിയെ അറസ്റ്റുചെയ്തത്.പനമരം എസ്.ഐ. എം.കെ.റസാക്ക്, എ.എസ്.ഐ. ബിനീഷ്, എസ്.സി. പി.ഒമാരായ ജിൻസ്, രതീഷ്, സി.പി.ഒ. സജു എന്നിവരാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.