നാഗ്‌പുർ: രഞ്ജി ട്രോഫിയിൽ ചരിത്ര ഫൈനൽ കളിക്കുന്ന കേരളത്തിന് ടോസ് ഭാഗ്യം. കേരളം വിദർഭയെ ബാറ്റിങ്ങിനയച്ചു. രണ്ടുവട്ടം ജേതാക്കളായ വിദർഭയ്ക്കെതിരെ ക്യാപ്റ്റൻ സച്ചിൻബേബിയും സംഘവുമാണ് ഇന്ന് നാഗ്‌പുരിലെ ജംതാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പോരാട്ടത്തിന് ഇറങ്ങുന്നത്. സെമിഫൈനലിൽ കരുത്തരായ ഗുജറാത്തിനെ വീഴ്ത്തിയ കേരള ടീമിൽ ഒരു മാറ്റമുണ്ട്. വരുൺ നായനാർക്കു പകരം യുവ പേസർ ഏദൻ ആപ്പിൾ ടോം ടീമിൽ ഇടംപിടിച്ചു. അതേസമയം വിദർഭ ടീമിൽ മാറ്റങ്ങളില്ല.
ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാത്ത ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ആദ്യ കിരീടമെന്ന ചരിത്ര നേട്ടമാണ് കേരളത്തിന്റെ ലക്ഷ്യം. കഴിഞ്ഞവർഷം ഫൈനലിൽ മുംബൈക്കുമുന്നിൽ തോറ്റ വിദർഭയ്ക്ക് അത് വീണ്ടെടുക്കാനുള്ള വരവാണിത്. പരാജയത്തിന്റെ വക്കിൽനിന്ന് അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഫൈനൽവരെ എത്തിയത് കേരളത്തിന് കരുത്താകും. നാഗ്‌പുരിൽ നേരത്തേ ഇരു ടീമുകളും നേർക്കുനേർ വന്ന രണ്ടുമത്സരങ്ങളും സമനിലയായിരുന്നു.
കേരള ടീം: അക്ഷയ് ചന്ദ്രൻ, രോഹൻഎസ്. കുന്നുമ്മൽ, സച്ചിൻ ബേബി (ക്യാപ്റ്റൻ), ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, ആദിത്യ സർവതെ, അഹമ്മദ് ഇമ്രാൻ, ഏദൻ ആപ്പിൾ ടോം, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ
വിദർഭ ടീം : ധ്രുവ് ഷോറെ, പാർഥ് രേഖഡെ, ഡാനിഷ് മാലേവാർ, കരുൺ നായർ, യാഷ് റാത്തോഡ്, അക്ഷയ് വാഡ്‌കർ (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), അക്ഷയ് കർനേവാർ, ഹർഷ് ദുബെ, നചികേത് ഭൂട്ടെ, ദർശൻ നൽകാണ്ഡെ, യാഷ് താക്കൂർ