കല്പറ്റ: സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാര ജേതാക്കളായ മുട്ടിൽ നോർത്ത് സ്വദേശിനി ഷെറിൻ ഷഹാന, മാടക്കര സ്വദേശിനി വിനയ എൻ.എ. എന്നിവരെ വനിതാ ദിനത്തിൽ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എം.പി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം എന്ന ഗണത്തിൽ പുരസ്‌കാരം നേടിയ ഷെറിൻ ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസിൽ ഉദ്യോഗസ്ഥയാണ്. ഇരുപതാം വയസ്സിൽ വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേട്റ്റ ഷഹാന വീൽ ചെയറിലേക്ക് പരിമിതപ്പെടുകയായിരുന്നു. ഇരുപത്തിയേഴാം വയസ്സിലാണ് 913 ആം റാങ്കോടെ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ പാസായത്.
സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം എന്ന ഗണത്തിൽ പുരസ്‌കാരം നേടിയ വിനയ എൻ.എ. സ്ത്രീകൾക്ക് പൊതുയിടങ്ങൾക്ക് വേണ്ടി പെൺകളിക്കളം എന്ന ആശയം നടപ്പിലാക്കിയ വിരമിച്ച പോലീസ് ഉദ്യോഗസ്ഥയാണ്. പോലീസ് സേനയ്ക്കകത്ത് സ്ത്രീകൾക്കായി നടത്തിയ നിരവധി പോരാട്ടങ്ങൾക്കും വിനയ ശ്രദ്ധേയയാണ്.