കല്‍പ്പറ്റ: കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നാളെ വയനാട്ടില്‍. വിവിധ ഗോത്ര സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗോത്രപര്‍വ്വം പരിപാടി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ ജില്ലയില്‍ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. അടിസ്ഥാന ജനവിഭാഗമായ ഗോത്ര ജനത അനുഭവിക്കുന്ന പിന്നാക്കാവസ്ഥ തുടച്ചുനീക്കുന്നതിന് സ്ഥായിയായ പരിശ്രമത്തിന് തുടക്കം കുറിച്ചാണ് ഗോത്രപര്‍വ്വം സംഘടിപ്പിക്കുന്നത്. ഗോത്ര ജനതയുടെ ഉന്നമനത്തിനു വേണ്ടി സാമൂഹ്യ ഇടപെടലുകളിലൂടെയുള്ള പുതിയ ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും ഇതോടെ തുടക്കമാകും.
നാളെ രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന ഗോത്രപര്‍വ്വത്തില്‍ ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ, കാര്‍ഷിക, സംരംഭകത്വ മേഖലകളിലെ പിന്നാക്കാവസ്ഥപരിഹരിക്കുന്നതിനായുള്ള തുടക്കമെന്ന നിലയില്‍ വിവിധ ശില്‍പ്പശാലകളും നടക്കുന്നുണ്ട്. എപിജെ അബ്ദുള്‍ കലാം ടെകനോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.കെ. ശിവപ്രസാദ്, അന്താരാഷ്ട്ര സെലിബ്രിറ്രി മെന്ററും പരിശീലകനുമായ നിതിന്‍ നങ്ങോത്ത്, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ. കെ.പി. നിതീഷ് കുമാര്‍ എന്നിവര്‍ ഗോത്രസമൂഹങ്ങളും ഉപരിപഠന സാധ്യതകളും എന്ന വിഷയത്തില്‍ ക്ലാസുകള്‍ നയിക്കും. തുടര്‍ന്ന് വിഭാവാണി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.പി. രാജീവ്, കണ്ണൂര്‍ ജില്ലാ മുന്‍ പ്ലാനിങ് ഓഫീസര്‍ അജയകുമാര്‍ മേനോത്ത് എന്നിവര്‍ നയിക്കുന്ന കാര്‍ഷിക, സംരംഭകത്വ ശില്‍പശാലയും നടക്കും. വൈകുന്നേരം നാല് മണിക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന് ആചാരപരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് ഗവര്‍ണര്‍ ഗോത്രപര്‍വ്വം 2025 ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അധ്യക്ഷനും വിനായക ഹോസ്പിറ്റല്‍ എംഡിയുമായ ഡോ. ഡി.മധുസൂദനന്‍ അധ്യക്ഷത വഹിക്കും.
ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ കാര്‍ഷിക രംഗത്തും പൊതുരംഗത്തും സജീവമായി മാറിയ നാരീശക്തിയുടെ പ്രതീകമായ വെള്ളമുണ്ട മംഗലശ്ശേരി കൊല്ലിയില്‍ കുംഭാമ്മ, വയനാടിന്റെ വാനമ്പാടിയായ ഗോത്ര വിഭാഗത്തിലെ യുവഗായിക രേണുക, തിരക്കഥാകൃത്തും ദേശീയ പുരസ്‌കാരം നേടിയ ഷോര്‍ട്ട് ഫിലിം സംവിധായകയുമായ ആതിര വയനാട് എന്നിവരെ ആദരിക്കും. ജന്മഭൂമി അമ്പതാം വര്‍ഷ ആഘോഷസമിതി, വനവാസി വികാസ കേന്ദ്രം, വനവാസി ആശ്രം ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ്, വയനാട് പൈതൃക സംരക്ഷണ കര്‍മ്മസമിതി, പീപ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഗോത്രപര്‍വ്വം സംഘടിപ്പിക്കുന്നത്.