കേരളം പൂര്‍ണമായും കെ-സ്മാര്‍ട്ട് ആകും; ഏപ്രില്‍ 10 മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സേവനം

കൊച്ചി: ഇ- ഗവേണന്‍സില്‍ കേരളത്തില്‍ വലിയ മുന്നേറ്റത്തിന് തുടക്കമിട്ട കെ-സ്മാര്‍ട്ട് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 2024 ജനുവരി ഒന്നിന് ആരംഭിച്ച് 94 നഗരസഭകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ (കെ-സ്മാര്‍ട്ട്) പ്ലാറ്റ്ഫോം സംവിധാനമാണ് സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകും. ഏപ്രില്‍ പത്ത് മുതല്‍ സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെ-സ്മാര്‍ട്ട് പദ്ധതി നിലവില്‍ വന്നതിന് ശേഷം 1,709 കോടി രൂപയാണ് സര്‍ക്കാരിന് ഇതിലൂടെ ലഭിച്ചിട്ടുള്ളത്. 2025 ഫെബ്രുവരി 13 വരെയുള്ള കണക്കുകള്‍ പ്രകാരം 23.12 ലക്ഷം ഫയലുകളും ഇതിലൂടെ തീര്‍പ്പാക്കി. ആകെ ലഭിച്ച അപേക്ഷകളുടെ 75.6 ശതമാനം വരുന്നതാണ് ഈ കണക്കുകള്‍.

 

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) ആണ് കെ-സ്മാര്‍ട്ട് പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി. ‘ജനന – മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കുറഞ്ഞത് ഏഴ് ദിവസമാണ് നിലവില്‍ വേണ്ടത്. കെ-സ്മാര്‍ട്ടിലൂടെ അതേ സേവനം വെറും 25 മിനിറ്റിനുള്ളില്‍ ലഭ്യമാക്കാനാകും’ എന്ന് ഐകെഎം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ബാബു പറയുന്നു.

 

ഡിജിറ്റല്‍ ഫയല്‍ മാനേജ്‌മെന്റ്, വസ്തു നികുതി, കെട്ടിട നിര്‍മാണ അനുമതി, പൊതുജന പരാതി സ്വീകരിക്കല്‍, കൗണ്‍സില്‍, പഞ്ചായത്ത് യോഗ നടപടികള്‍, വ്യാപാര ലൈസന്‍സ്, വാടക, പാട്ടം, തൊഴില്‍ നികുതി, പാരാമെഡിക്കല്‍, ട്യൂട്ടോറിയല്‍ രജിസ്‌ട്രേഷന്‍, പെറ്റ് ലൈസന്‍സ്, ഭൂമി സംബന്ധിച്ച വിവരങ്ങള്‍, മൊബൈല്‍ ആപ്പ്, കോണ്‍ഫിഗറേഷന്‍ മൊഡ്യൂള്‍, സിവില്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയാണ് കെ-സ്മാര്‍ട്ട് ലഭ്യമാക്കുന്ന സേവനങ്ങള്‍.

 

അപേക്ഷകളുടെ പുരോഗതിയും സ്ഥിതിവിവരവും പൊതുജനങ്ങള്‍ക്ക് അറിയാനാകും. ക്ഷേമപെന്‍ഷനുള്ള നടപടിയുള്‍പ്പെടെ ഓണ്‍ലൈനാകും. ജൂണില്‍ പരിഷ്‌കരിച്ച സുലേഖ സോഫ്റ്റ്വെയറും കെ സ്മാര്‍ട്ടുമായി സംയോജിപ്പിക്കുന്നതോടെ സേവനം കൂടുതല്‍ വിപുലീകരിക്കും. വോട്ടവകാശമുള്ളവര്‍ക്ക് ലോകത്ത് എവിടെ നിന്നും ലോഗിന്‍ ചെയ്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ഗ്രാമസഭകളില്‍ പങ്കെടുക്കാനാകുമെന്നതും കെ-സ്മാര്‍ട്ട് പദ്ധതിയുടെ മികവാണ്.

 

ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അഞ്ച് രൂപ വീതവും സ്വത്ത് നികുതി അടയ്ക്കല്‍, കെട്ടിട പ്രായ സര്‍ട്ടിഫിക്കറ്റുകള്‍, താമസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് 10 രൂപ വീതവും സര്‍വീസ് ചാര്‍ജ് മാത്രമാണ് കെ-സ്മാര്‍ട്ട് സേവനത്തിലൂടെ നല്‍കേണ്ടിവരിക. ഇതേ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തേണ്ട ചെലവിനേക്കാള്‍ വളരെ കുറവാണ് ഈ നിരക്ക് എന്ന് ഐകെഎം എംഡി വ്യക്തമാക്കുന്നു. ഐകെഎം പങ്കുവച്ച കണക്കുകള്‍ പ്രകാരം അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ കെ-സ്മാര്‍ട്ട് 1.50 ലക്ഷം ഫയലുകള്‍ നീക്കുകളും പതിവ് ഓഫീസ് സമയത്തിന് പുറത്ത് മാത്രം 7.25 ലക്ഷം ഫയലുകള്‍ ക്ലിയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സേവന വിതരണത്തില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് ഇതിലൂടെ വെളിപ്പെടുന്നത് എന്നും ഐകെഎം പറയുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *