മാനന്തവാടി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് കാസർകോട് സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്‌തു. ചെങ്കള സ്വദേശി കെ എം ജാബിർ (33), മൂളിയാർ സ്വദേശി മുഹമ്മദ് കുഞ്ഞി (39) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും 6.987 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മയക്കുമരുന്ന് കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച കിയ കാരൻസ് കാറും മയക്കുമരുന്ന് വിൽപ്പനക്ക് ഉപയോഗിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ജാബിർ നേരത്തെയും മയക്കുമരുന്ന് കൈവശം വെച്ച കേസിലെ പ്രതി ആയിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
മയക്കുമരുന്നിനെതിരായി ഓപ്പറേഷൻ ‘ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ കെ ശശിയും സംഘവും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്‌തത്. മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ മറ്റുള്ള കണ്ണികളെകുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.
മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ കെ ശശി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഉമ്മർ, പ്രിവന്റീവ് ഓഫീസർമാരായ പി കെ ചന്തു, മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മാന്വൽ ജിംസൺ, അരുൺ കൃഷ്‌ണൻ, എം അർജുൻ, സ്റ്റാലിൻ വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്