കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളി പ്രശ്‌നം പരിഹരിക്കുന്നതിന് സർക്കാർതലത്തിൽ നീക്കം തുടങ്ങി. ഇതിൻ്റെ ഭാഗമായി ലേബർ കമ്മീഷണർ വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളുടെയും എസ്റ്റേറ്റ് മാനേജ്മെന്റിൻ്റെയും യോഗം വിളിച്ചു. 24ന് രാവിലെ 11.30ന് ലേബർ കമ്മീഷണറുടെ കാര്യാലയത്തിലാണ് യോഗം. തോട്ടം ഉടമ, മാനേജർ, വയനാട് എസ്‌റ്റേറ്റ് ലേബർ യൂണിയൻ(സിഐടിയു), മലബാർ എസ്‌റ്റേറ്റ് വർക്കേഴ്സ് യൂണിയൻ(ഐഎൻടിയുസി), എസ്റ്റേറ്റ് മസ്‌ദൂർ യൂണിയൻ(എച്ച്എംഎസ്), കോഴിക്കോട് ഡിസ്ട്രിക്ട് പ്ലാന്റേഷൻ ലേബർ കോൺഗ്രസ്(ഐഎൻടിയുസി) പ്രതിനിധികൾ എന്നിവരുടെ യോഗമാണ് ലേബർ കമ്മീഷണർ വിളിച്ചത്.
ഉരുൾ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമിക്കുന്നതിന് നഗരപരിധിയിലുള്ള എൽസ്റ്റൻ എസ്‌റ്റേറ്റിലെ പുൽപ്പാറ ഡിവിഷനാണ് സർക്കാർ ഏറ്റെടുക്കുന്നത്. ആനുകൂല്യങ്ങൾ തീർത്തുകിട്ടാതെ പുൽപ്പാറ ഡിവിഷനിൽനിന്നു ഇറങ്ങില്ലെന്നു തൊഴിലാളികൾ വ്യക്തമാക്കുകയും ട്രേഡ് യൂണിയൻ സംയുക്ത സമിതി കളക്‌ടറേറ്റ് പടിക്കൽ സത്യഗ്രഹം ഉൾപ്പെടെ സമരങ്ങൾ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് യോഗം ചേരുന്നത്. ടൗൺഷിപ്പിന് ഈ മാസം 27നാണ് മുഖ്യമന്ത്രി തറക്കല്ലിടുന്നത്. ഇതിനു മുമ്പ് തൊഴിലാളി പ്രശ്‌നം പഹരിക്കുന്നതിനുള്ള നീക്കങ്ങളാണ് സർക്കാർതലത്തിൽ നടക്കുന്നത്.
പുൽപ്പാറ ഉൾപ്പെടെ എൽസ്റ്റൻ എസ്‌റ്റേറ്റിലെ മൂന്നു ഡിവിഷനുകളിൽ വിരമിച്ചശേഷവും ജോലിയിൽ തുടരുന്നവരടക്കം 300 ഓളം തൊഴിലാളികളുണ്ട്. ഇത്രയും പേർക്ക് ഏകദേശം 11 കോടി രൂപയുടെ ആനുകൂല്യങ്ങൾ മാനേജ്മെന്റ് നൽകാനുണ്ട്. മാനേജ്മെന്റ് തൊഴിലാളികളിൽനിന്നു പിടിച്ച പ്രൊവിഡന്റ് ഫണ്ട് വിഹിതം 2014 മുതൽ അക്കൗണ്ടിൽ അടച്ചിട്ടില്ല. തോട്ടം ഉടമ അടയ്ക്കേണ്ട വിഹിതവും അക്കൗണ്ടിൽ എത്തിയില്ല. വിരമിച്ച 150 ഓളം തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ലഭിക്കാനുണ്ട്. ഒരു വർഷത്തെ ലീവ് വിത്ത് വേജസ്, രണ്ടു വർഷത്തെ ബോണസ്, ഏഴ് വർഷത്തെ മെഡിക്കൽ ആനുകൂല്യം, ഇത്രയും കാലത്തെ വെതർ പ്രൊട്ടക്ടീവ് ആനുകൂല്യം, രണ്ടു ഘട്ടങ്ങളിലായി കൂലി പുതുക്കിയപ്പോഴത്തെ കുടിശിക എന്നിവയുംകിട്ടാനുണ്ട്. ടൗൺഷിപ്പിന് ഏറ്റെടുക്കുന്ന ഡിവിഷനിലേതടക്കം തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട് ഉറപ്പുകൾ തൊഴിൽ വകുപ്പോ മാനേജ്‌മെൻ്റോ നൽകിയിട്ടില്ല. എൽസ്റ്റൻ എസ്‌റ്റേറ്റിൽ 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് 2013ലെ എൽഎആർആർ നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതനുസരിച്ച് സർക്കാർ നഷ്ടപരിഹാരം ലഭ്യമാക്കുന്ന മുറയ്ക്ക് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാമെന്ന നിലപാടിലാണ് എസ്‌റ്റേറ്റ് മാനേജ്മെന്റ്, എന്നാൽ, ആനുകൂല്യങ്ങൾ പൂർണമായും ലഭിക്കാതെ തോട്ടത്തിൽനിന്നു ഒഴിഞ്ഞുപോകില്ലെന്നാണ് തൊഴിലാളികളുടെ പക്ഷം. പ്രമുഖ ട്രേഡ് യൂണിയനുകളുടെ പിന്തുണയും ഇവർക്കുണ്ട്.
ലേബർ കമ്മീഷണർ വിളിച്ച യോഗത്തിൽ തൊഴിലാളി പ്രശ്‌നത്തിനു പരിഹാരമാകുമെന്നാണ് കരുതുന്നതെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതാക്കൾ പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്‌ടപരിഹാരം തോട്ടം മാനേജ്‌മന്റിന് സർക്കാർ ഉടൻ ലഭ്യമാക്കുകയും തൊഴിലാളികൾക്കുള്ള ആനുകൂല്യ വിതരണം തോട്ടം ഉടമ സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്‌താൽ ടൗൺഷിപ്പ് നിർമാണം സുഗമമായി നടക്കുമെന്നും ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന എസ്‌റ്റേറ്റ് ഭൂമിയിലെ തൊഴിലാളി പ്രശ്‌നം സർക്കാർ മുമ്പേ പരിഹരിക്കേണ്ടതായിരുന്നുവെന്നും അവർ പറഞ്ഞു