വയനാട്ടിലേക്ക് റോപ് വേയിൽ യാത്ര ചെയ്യാൻ കളമൊരുങ്ങുന്നു;പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി

ലക്കിടി:വയനാട് ചുരം റോപ് വേ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കാൻ കെ.എസ്.ഐ.ഡി.സിക്ക് സർക്കാർ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കിലോമീറ്റർ ദൂരത്തിലാണ് ഏകദേശം 100 കോടി രൂപയുടെ പദ്ധതി.

 

അടിവാരം-ലക്കിടി ടെർമിനലുകളോട് അനുബന്ധിച്ച്‌ പാർക്കിങ്, പാർക്ക്, സ്റ്റാർ ഹോട്ടല്‍, മ്യൂസിയം കഫ്റ്റീരിയ, ഹോട്ടല്‍ ആംഫി തിയറ്റർ, ഓഡിറ്റോറിയം തുടങ്ങിയവയും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. മണിക്കൂറില്‍ 400 പേർക്ക് യാത്ര ചെയ്യാവുന്ന ആറ് സീറ്റുള്ള എ.സി കേബിള്‍ കാറായിരിക്കും ഉപയോഗിക്കുക.

 

അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40 ഓളം ടവറുകള്‍ സ്ഥാപിച്ചാണ് റോപ് വേ. ഇപ്പോള്‍ അടിവാരം മുതല്‍ ലക്കിടി വരെ ചുരത്തിലൂടെ യാത്രചെയ്യാൻ കുറഞ്ഞത് 40 മിനിറ്റ് സമയം ആവശ്യമുള്ളിടത്ത് ഒരു വശത്തേക്കുള്ള യാത്രക്ക് 15 മിനിറ്റ് മതിയാകും.

 

2023 ഒക്ടോബർ 20ന് ചേർന്ന സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡിന്‍റെ 37-ാമത് യോഗത്തിലാണ് വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ് വേ പദ്ധതിക്കുള്ള നിർദേശം വെസ്റ്റേണ്‍ ഗാട്ട് പ്രൈവറ്റ് ലിമിറ്റഡ് മുന്നോട്ട് വെച്ചത്. പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക് മാറ്റുന്നതിന് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ എം.ഡിയെ ചുമതലപ്പെടുത്തിയിരുന്നു.

 

പി.പി.പി മോഡലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ചർച്ച ചെയ്യാൻ കഴിഞ്ഞ ജൂണില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പദ്ധതിയുടെ ലോവർ ടെർമിനലിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി ഒരേക്കറാണെന്നും അത് വിട്ടുനല്‍കാൻ തയാറാണെന്നും കമ്ബനി സർക്കാറിനെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി പൊതു സ്വകാര്യ പങ്കാളിത്ത മോഡില്‍ നടപ്പാക്കാൻ സർക്കാർ കെ.എസ്.ഐ.ഡി.സിക്ക് തത്വത്തില്‍ അനുമതി നല്‍കിയത്. ഭൂമി റവന്യൂ വകുപ്പിന് കൈമാറുന്നതിനും അതിനുശേഷം ഭൂമി കെ.എസ്.ഐ.ഡി.സിക്ക് കൈമാറുന്നതിനുമുള്ള നടപടികള്‍ പൂർത്തിയാക്കാനുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *