മംഗളൂരു : ആള്‍ക്കൂട്ട ആക്രമണത്തില്‍ കര്‍ണാടക മംഗളൂരുവില്‍ കൊല്ലപ്പെട്ടത് മലയാളി. വയനാട് പുല്‍പള്ളി സ്വദേശി അഷ്റഫ് (36)എന്നയാളാണ് കൊല്ലപ്പെട്ടത് .ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലെ തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള ആക്രമത്തിലാണ് അഷ്റഫ് ക്രൂരമായി കൊല്ലപ്പെട്ടത്. ബത്ര കല്ലൂര്‍ത്തി ക്ഷേത്രമൈതാനത്ത് വച്ച് അഷ്‌റഫിനെ ആള്‍കൂട്ടം മര്‍ദിച്ചു കൊന്നത്. ചെറിയ മാനസിക ബുദ്ധിമുട്ടുകളുള്ളയാളാണ് അഷ്‌റഫ്. ആക്രി പെറുക്കിയാണ് ഉപജീവനം നടത്തിയിരുന്നത്. സംഭവത്തില്‍ ഇതുവരെ 20 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്. ആവര്‍ത്തിച്ചുള്ള ക്ഷതങ്ങള്‍ കാരണം ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക താമസക്കാരനായ ദീപക് കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് അറിയിച്ചു.
പൊലീസ് സജീവമായി തെളിവുകള്‍ ശേഖരിക്കുകയാണെന്നും ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും നിയമത്തിന്റെ പരമാവധി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. ഭത്ര കല്ലുര്‍ട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെയാണ് സംഭവം. മകുടുപ്പു സ്വദേശി ടി സച്ചിന്‍ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്.
നിരന്തരം ചവിട്ടിയും വടികൊണ്ടടിച്ചും പ്രതികള്‍ യുവാവിനെ ആക്രമിച്ചു. പിന്നീട് വൈകീട്ട് അഞ്ചരയോടെയാണ് യുവാവിനെ ക്ഷേത്രത്തിന് സമീപം മരിച്ചനിലയില്‍ കണ്ടതെന്നാണ് പോലീസ് നല്‍കുന്നവിവരം.യുവാവിന് നിരന്തരം മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണം. വയറിലും മുതുകിലും ജനനേന്ദ്രിയത്തിലും മാരകമായി പരിക്കേറ്റതായും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. യുവാവ് കൊല്ലപ്പെട്ടതോടെ പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍പേരെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചു വരികയാണ്.അഷ്റഫിന്‍റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.ഇയാൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതാണ് വാക്കേറ്റത്തിനും കൊലപാതകത്തിനും കാരണമെന്ന് പ്രചാരണം ഉണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.വർഷങ്ങളായി മാനസിക പ്രശ്നം ഉള്ളയാളാണ് അഷ്റഫ് എന്ന് കുടുംബം വ്യക്തമാക്കി. കേസില്‍ ഇതുവരെ അറസ്റ്റിലായത് 20 പേരാണ്. സംഭവത്തെ തുടർന്ന് മംഗളൂരുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്ക് കത്തു നൽകിയിട്ടുണ്ട്.
മംഗളുരുവിൽ എത്തിയ സഹോദരന്‍ ജബ്ബാറാണ് അഷ്റഫിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. ബന്ധുക്കൾ മംഗളുരുവിലെത്തി ഇന്നലെ രാത്രിയോടെ കർണാടക പോലിസ് നൽകിയ ഫോട്ടോ കണ്ടാണ് ബന്ധുക്കൾ മരിച്ച, പുൽപള്ളി സ്വദേശി അഷ്‌റഫിനെ തിരിച്ചറിഞ്ഞത്. മാനസിക പ്രശ്നങ്ങൾ ഉള്ള അഷ്‌റഫ് കൃത്യമായി വീട്ടിൽ വരാറില്ലെന്നും എന്താണ് സംഭവിച്ചത് എന്ന് അറിയില്ല എന്നുമാണ് സഹോദരൻ ജബ്ബാർ പറയുന്നത്. ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.