തൃശൂര്‍ : നിറക്കാഴ്ചകളുടെയും ശബ്ദങ്ങളുടെയും ആഘോഷമായ തൃശൂര്‍ പൂരത്തിന് ഇനി രണ്ട് നാള്‍. പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴിന് നടക്കും. ആദ്യം പാറമേക്കാവ് വിഭാഗവും തുടര്‍ന്ന് തിരുവമ്പാടി വിഭാഗവും കരിമരുന്ന് വിസ്മയത്തിന് തിരികൊളുത്തും.
വെടിക്കെട്ടിന് മുമ്പ് കരിമരുന്ന് ശേഖരണ കേന്ദ്രം ഒഴിപ്പിച്ചാണ് ജനങ്ങള്‍ക്ക് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാനുള്ള സൗകര്യമൊരുക്കുക. മാഗസിന്‍ ഒഴിവാക്കുന്നതോടെ വെടിക്കെട്ടിന് തിരികൊളുത്തുന്ന ഫയര്‍ലൈനും മാഗസിനും തമ്മിലുള്ള 45 മീറ്റര്‍ ദൂപരിധി ഇല്ലാതാകും. ഇത്തരത്തില്‍ വെടിക്കെട്ട് സാമഗ്രികളുടെയും കാണികളുടെയും വിന്യാസത്തില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയാണ് സാമ്പിളും ഏഴിന് പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ടും.
ഫയര്‍ലൈനും കാണികളും തമ്മില്‍ സുരക്ഷിത അകലം ലഭിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മുണ്ടത്തിക്കോട് സ്വദേശി പി എം സതീശനാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി. ബിനോയ് ജേക്കബാണ് പാറമേക്കാവിന്റെ വെടിക്കെട്ട് ഒരുക്കുന്നത്. പകല്‍പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.
നാളെ രാവിലെ 11ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ഗജവീരന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറന്ന് പൂര വിളംബരം കുറിക്കുന്നതോടെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ച്ചയായ ആറാം തവണയാണ് എറണാകുളം ശിവകുമാര്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. ഇത്തവണ പൂരം ദിവസം ഭഗവതിയെ എഴുന്നള്ളിക്കുന്നതും ശിവകുമാറിന്റെ പുറത്ത് തന്നെയാണ്. തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ ഒരുക്കുന്ന ആനച്ചമയങ്ങളുടെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നടക്കും.
തുടര്‍ന്ന് ശില്‍പ്പികള്‍ക്ക് ഉപഹാരം വിതരണം ചെയ്യും. ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടി വിഭാഗത്തിന്റെ പൂര ചമയ പ്രദര്‍ശനം. സ്വരാജ് റൗണ്ടിലെ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയിലാണ് പാറമേക്കാവിന്റെ ചമയ പ്രദര്‍ശനം. നാളെ രാത്രി 12 വരെ പ്രദര്‍ശനം തുടരും. മേയ് ആറിനാണ് പ്രസിദ്ധമായ തൃശൂര്‍ പൂരം.