തിരുവനന്തപുരം : ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ക്ക് സംസ്ഥാനത്ത് റോഡുനികുതി ഈടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. നികുതി സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ‘വാഹന്‍’ സോഫ്റ്റ്വേറിന്റെ നിയന്ത്രണം മുതലെടുത്താണ് കേന്ദ്രനടപടി. സോഫ്റ്റ്വേറിന്റെ പരിപാലനച്ചുമതലയുള്ള നാഷണല്‍ ഇന്റഫര്‍മാറ്റിക് സെന്ററിന് (എന്‍ഐസി) നികുതിപിരിവ് നിര്‍ത്താന്‍ ഉപരിതല ഗതാഗതമന്ത്രാലയം കത്ത് നല്‍കി. സ്വകാര്യ ബസ്സുടമകള്‍ കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിക്ക് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് നടപടി.
ഇതുവരെ സംസ്ഥാന ഗതാഗതവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ഐസി നികുതിഘടന നിശ്ചയിച്ചിരുന്നത്. റോഡുനികുതി നിശ്ചയിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് രണ്ടുവര്‍ഷംമുന്‍പ് എഐടിപി വാഹനങ്ങളില്‍നിന്ന് നികുതി ഈടാക്കിത്തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത റോഡുനികുതിഘടന വിനോദസഞ്ചാരികള്‍ക്ക് തടസ്സമാകുന്നത് ഒഴിവാക്കാന്‍ 2021-ലാണ് കേന്ദ്രസര്‍ക്കാര്‍ എഐടിപി സംവിധാനം കൊണ്ടുവന്നത്. ഇവയ്ക്ക് സംസ്ഥാനങ്ങളില്‍ പ്രത്യേക നികുതി അടയ്‌ക്കേണ്ടെന്നാണ് കേന്ദ്രനിര്‍ദേശം.
ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ക്ക് സംസ്ഥാനം നികുതി ഏര്‍പ്പെടുത്തിയത് കേന്ദ്രം തടഞ്ഞതിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ ഗതാഗതവകുപ്പിന് നിയമോപദേശം ലഭിച്ചു. റോഡുനികുതി ഈടാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും അത് തടയാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നുമാണ് വിലയിരുത്തല്‍. സമാന സാഹചര്യത്തില്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ നികുതിയീടാക്കാന്‍ അടുത്തിടെ പ്രത്യേക സോഫ്റ്റ്വേര്‍ തയ്യാറാക്കിയിരുന്നു.
ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ അന്തസ്സംസ്ഥാന പാതകളില്‍ റൂട്ട് ബസുകള്‍പോലെ ഓടിയത് കെഎസ്ആര്‍ടിസിക്ക് ഭീഷണിയായിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്ത് റോഡുനികുതി ചുമത്താന്‍ തീരുമാനിച്ചത്. ത്രൈമാസ നികുതി അടച്ചാല്‍മാത്രമേ കേരളത്തിലേക്ക് കടത്തിയിരുന്നുള്ളൂ. സീറ്റ് അടിസ്ഥാനമാക്കി 35,000 മുതല്‍ 41,000 രൂപവരെ നികുതി വാങ്ങിയിരുന്നു. സ്ലീപ്പര്‍ ബസ്സുകള്‍ക്ക് മൂന്നിരട്ടിയും.
2018 മുതല്‍ ദേശീയശൃംഖലയുടെ ഭാഗമായ വാഹന്‍ സോഫ്റ്റ്വേറാണ് സംസ്ഥാനം ഉപയോഗിക്കുന്നത്. ഇതുവരെ സംസ്ഥാനത്തിന്റെ വരുമാനം തടയുന്ന നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ബുദ്ധിശൂന്യതയാണെന്ന് എടിപി വിഷയത്തില്‍ നേരത്തേ സര്‍ക്കാരുമായി തര്‍ക്കമുണ്ടായിരുന്ന റോബിന്‍ ബസ് ഉടമ ഗിരീഷ് പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തിന് നിയമപരിരക്ഷ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.