ബലൂചിസ്ഥാൻ: പാകിസ്ഥാന് തങ്ങളുടെ സ്വന്തം മണ്ണിൽ തന്നെ തിരിച്ചടി. രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ( ബിഎൽഎ) അറിയിച്ചു.
പാക് സൈനിക വാഹനം കുഴിബോംബ് സ്ഫോടനത്തിൽ തകർക്കുന്ന ദൃശ്യങ്ങൾ ബിഎൽഎ പുറത്തുവിട്ടു. എന്നാൽ ഇതിനോട് ഇതുവരെ പാകിസ്ഥാൻ പ്രതികരിച്ചിട്ടില്ല. ഏറെ നാളായി സംഘർഷങ്ങൾ നിലനിൽക്കുന്ന മേഖലയാണ് ബലൂചിസ്ഥാൻ.
പാകിസ്ഥന്റെ തെക്കു-പടിഞ്ഞാറ് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ബോലാൻ, കെച്ച് മേഖലയിലാണ് ഇപ്പോൾ ബിഎൽഎ ആക്രമണം നടത്തിയത്. സൈനിക വാഹനത്തിന് നേരെയായിരുന്നു ആക്രമണം. പാകിസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് എന്നിവരുൾപ്പടെ 12 സൈനികർ ഉണ്ടായിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.
ആക്രമണത്തിൽ മുഴുവൻ പേരും കൊല്ലപ്പെട്ടു. ബോലാനിൽ വച്ചാണ് ആക്രമിച്ചത്. കെച്ച് മേഖലയിലായിരുന്നു രണ്ടാമത്തെ ആക്രമണം. ഇതിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്നും വേർപ്പെടുത്തി പ്രത്യേക രാജ്യമാക്കണം എന്ന് വാദിക്കുന്ന സായുധ സംഘടനയാണ് ബിഎൽഎ.