തിരുവനന്തപുരം : കാലവർഷം എത്തുന്നതിന് മുൻപായി ഈ മാസം 23 മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത. സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനെക്കാൾ അധിക മഴയായിരിക്കും സംസ്ഥാനത്തു പെയ്യുക. 27ന് കാലവർഷം കേരളത്തിൽ എത്തുമെന്നാണു മുന്നറിയിപ്പ്. അതിനു മുൻപുള്ള ദിവസങ്ങളിൽ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ആൻഡമാൻ ദ്വീപ് സമൂഹത്തിൽ കാലവർഷം ഇതിനകം ശക്തിപ്രാപിച്ചിട്ടുണ്ട്.
20 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. 19ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 20ന് കോഴിക്കോടു, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിച്ചേക്കും. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്. 18ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. 19ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്. 20ന് തൃശൂർ, പാലക്കാട്, മലപ്പുറം.
തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കൻ ബംഗാൾ ഉൾക്കലിൽ സജീവമായിട്ടുണ്ട്. അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിലെത്താൻ സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.എന്നാൽ, കാലവർഷം എത്തും മുമ്പ് തന്നെ കേരളത്തിൽ മഴ കനക്കുമെന്നാണ് പ്രവചനം