സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽ നിന്നും അവശേഷിക്കുന്നത് എട്ട് സർവ്വീസുകൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് വീതവും ബുധൻ മൂന്ന്, വ്യാഴം പുലർച്ചെ ഒന്ന് എന്നിങ്ങനെയാണ് ബാക്കിയുള്ള സർവ്വീസുകൾ. അവസാന വിമാനം 22 വ്യാഴം പുലർച്ചെ ഒരു മണിക്കാണ്. ഇതിലേക്കുള്ള തീർഥാടകർ ബുധൻ രാവിലെ 10ന് ക്യാമ്പിലെത്തി രാത്രി എട്ട് മണിയോടെ എയർപോർട്ടിലേക്ക് തിരിക്കും. ഇതോടെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന് പരിസമാപ്തിയാവും. മെയ് 9നാണ് ക്യാമ്പ് ആരംഭിച്ചത്.
കരിപ്പൂരിൽ നിന്നും ഇന്ന് രണ്ട് വിമാനങ്ങളിലായി 346 പുറപ്പെട്ടു. പുലർച്ചെ 12.30 ന് പുറപ്പെട്ട വിമാനത്തിൽ 87 പുരുഷന്മാരും 86 സ്ത്രീകളും വൈകുന്നേരം 4.50 ന് പുറപ്പെട്ട വിമാനത്തിൽ 85 പുരുഷന്മാരും 88 സ്ത്രീകളുമാണ് യാത്രയായത്. കരിപ്പൂരിൽ നിന്നും ഇത് വരെ 23 വിമാനങ്ങളിലായി 3967 തീർഥാടകർ മക്കയിലെത്തി. തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെടുന്ന വിമാനത്തിൽ 74 പുരുഷന്മാരും 92 സ്ത്രീകളും വൈകുന്നേരം 5.30 ന് പുറപ്പെടുന്ന വിമാനത്തിൽ 82 പുരുഷന്മാരും 91 സ്ത്രീകളുമാണ് പുറപ്പെടുക. കണ്ണൂരിൽ നിന്നും തിങ്കൾ പുലർച്ചെ അഞ്ച് മണിക്കാണ് സർവ്വീസ്. ചൊവ്വാഴ്ച കണ്ണൂരിൽ നിന്നും ഹജ്ജ് സർവ്വീസുകളില്ല.