വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് കൃഷിരീതി (Vietnam Super Early)

വിയറ്റ്നാം സൂപ്പർ ഏർലി പേര് സൂചിപ്പിക്കുന്നത് പോലെ, വളരെ വേഗത്തിൽ കായ്ക്കുകയും താരതമ്യേന ചെറിയ വലുപ്പത്തിൽ വളരുകയും ചെയ്യുന്ന ഒരു വരിക്ക പ്ലാവിനമാണ്,വിയറ്റ്നാം സൂപ്പർ ഏർലി.

 

ഇതിന്റെ ജന്മദേശം തായ്‌ലൻഡാണെങ്കിലും, വിയറ്റ്നാമിൽ വ്യാപകമായി കൃഷി ചെയ്യുകയും അവിടെ നിന്നുള്ള പ്രചാരം കാരണം ഇപ്പോൾ വിയറ്റ്നാമിൻ്റെ പേരിൽ അറിയപ്പെടുകയും ചെയ്യുന്നു. ചില നഴ്സറികളിൽ ഇതിനെ ആയൂർ ജാക്ക് പ്ലാവ് എന്നും പറഞ്ഞും വിൽക്കുന്നുണ്ട്. രണ്ടും ഒരേ ഇനം തന്നെയാണ്.

 

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് നട്ട് 6 മാസം മുതൽ 1.5 വർഷത്തിനുള്ളിൽ തന്നെ കായ്ക്കാൻ തുടങ്ങും എന്നതാണ്. മറ്റ് പ്ലാവിനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ സമയമാണ്. ചിലപ്പോൾ 18 മാസത്തിനുള്ളിൽ വിളവെടുപ്പ് സാധ്യമാകാറുണ്ട്. ഈ പ്ലാവ് പൂർണ്ണ വളർച്ചയെത്തുമ്പോൾ ഏകദേശം 15 അടി വരെ മാത്രം ഉയരം വെക്കുന്ന ഒരു കുള്ളൻ ഇനമാണ്. അതിനാൽത്തന്നെ വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നവർക്കും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കും ഇത് വളരെ ഇഷ്ടമാണ്..

 

ഇത് ചെറിയ പറമ്പുകളിലും, ടെറസ് കൃഷിയിലും, അല്ലെങ്കിൽ വലിയ ചട്ടികളിലും നടാൻ സാധിക്കുന്നു. ഉയരം കുറവായതുകൊണ്ട് ചക്ക പറിച്ചെടുക്കാനും പരിചരിക്കാനും എളുപ്പമാണ്. ഇതിന്റെ പരമാവധി വ്യാസം ഏകദേശം 10 അടി വരെയാണ്.വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് വർഷത്തിൽ രണ്ടു തവണയെങ്കിലും കായ്ക്കുന്നതായി കണ്ടുവരുന്നു. ചില സാഹചര്യങ്ങളിൽ വർഷം മുഴുവൻ കായ്ഫലം നൽകാനും സാധ്യതയുണ്ട്.

 

ഈ ഇനത്തിൽ നിന്ന് ലഭിക്കുന്ന ചക്കയ്ക്ക് നല്ല മധുരവും സുഗന്ധവുമാണ്. ചുളകൾക്ക് നല്ല കട്ടിയും, രുചിയുമുണ്ട്. സാധാരണയായി 500 ഗ്രാം മുതൽ 5 കിലോഗ്രാം വരെ ഭാരമുള്ള ചക്കകളാണ് ഉണ്ടാകുന്നത്. നല്ല പരിചരണം നൽകുകയാണെങ്കിൽ 25 കിലോഗ്രാം വരെ ഭാരമുള്ള ചക്കകൾ പോലും ലഭിക്കാം.

 

കൃഷിരീതി

 

കേരളത്തിലെ കാലാവസ്ഥയിൽ മഴക്കാലം തുടങ്ങുന്നതിന് മുൻപോ, മഴയുള്ള സമയത്തോ തൈകൾ നടുന്നത് നല്ലതാണ്. പ്ലാവിന് നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. അതിനാൽ, മറ്റ് വലിയ മരങ്ങളുടെ തണലില്ലാത്ത സ്ഥലം തിരഞ്ഞെടുക്കുക.

 

ഒരു മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികൾ എടുക്കുക. കുഴിയെടുക്കുമ്പോൾ ലഭിച്ച മേല്‍മണ്ണുമായി പത്തു കിലോഗ്രാം ചാണകപ്പൊടി, ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക്, അര കിലോഗ്രാം റോക്ക് ഫോസ്‌ഫേറ്റ് എന്നിവ നന്നായി ഇളക്കിച്ചേര്‍ത്ത മിശ്രിതം കൊണ്ട് കുഴി മണ്‍നിരപ്പു വരെ മൂടുക.

 

ഇതിനു മധ്യത്തിലായി തൈ നടുന്നതിനുള്ള ചെറിയൊരു കുഴി അഥവാ പിള്ളക്കുഴിയെടുക്കുക. നടുമ്പോള്‍ സൂപ്പര്‍ ഏര്‍ലി പ്ലാവിന്റെ ഒട്ടുസന്ധി മണ്ണിന്റെ നിരപ്പിനു മുകളിലാണെന്ന് ഉറപ്പാക്കുക. തൈ നട്ട ശേഷം ചുറ്റും നന്നായി മണ്ണ് ഉറപ്പിക്കുക.

 

മഴക്കാലം തുടങ്ങുന്നതിനു മുമ്പ് കോപ്പര്‍ ഓക്‌സി ക്ലോറൈഡ് അല്ലെങ്കില്‍ സാഫ് രണ്ടു ഗ്രാം ഒരു ലിറ്ററിന് എന്ന തോതില്‍ നേര്‍പ്പിച്ച് തൈയുടെ ഇലയിലും തണ്ടിലും തളിച്ചുകൊടുക്കുക. ആദ്യഘട്ടങ്ങളില്‍ വേനലില്‍ തൈകള്‍ക്ക് തണല്‍ നല്‍കുന്നതിനും നനയ്ക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം.

 

ആറു മാസത്തിലൊരിക്കല്‍ തടം നന്നായി നനച്ചതിനുശേഷം അരക്കിലോഗ്രാം പൊടിഞ്ഞ കുമ്മായം ചേര്‍ത്ത് മണ്ണുമായി ഇളക്കണം. 15 ദിവസത്തിനുശേഷം പത്ത് കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കാലിവളം ചേര്‍ക്കാം. രണ്ടാഴ്ചയ്ക്കുശേഷം 40 ഗ്രാം ബോറാക്‌സ് രണ്ട് കിലോഗ്രാം പൊടിഞ്ഞ കാലിവളത്തിനൊപ്പം ചേര്‍ക്കുന്നത് ഗുണം ചെയ്യും.

 

ആദ്യത്തെ രണ്ടു വര്‍ഷം മഴക്കാലത്തിന്റെ തുടക്കത്തില്‍ പത്തു കിലോഗ്രാം ജൈവവളം ചേര്‍ത്തു കൊടുക്കണം. പിന്നീട് മൂന്നു തവണയായി എന്‍പികെ വളം അഞ്ഞൂറു ഗ്രാം വീതം നല്‍കണം. മൂന്നാം വര്ഷം മുതൽ വളത്തിന്റെ അളവ് ഇരട്ടിപ്പിച്ചു നൽകുക.

 

ആണ്‍പൂക്കളായിരിക്കും ആദ്യം വിരിയുക. പിന്നീട് പെണ്‍പൂക്കളും വിരിയും. പരാഗണം നടന്ന് ചക്ക വിരിഞ്ഞ് അതു മൂപ്പെത്തുന്നതിന് 120-150 ദിവസം വേണ്ടിവരും. പരാഗണം ശരിയായ രീതിയില്‍ നടക്കുന്നതിന് തോട്ടത്തില്‍ രണ്ടു പ്ലാവെങ്കിലും നടുന്നതാണ് നല്ലത്.

 

ഒന്നാം വര്‍ഷം ശരാശരി നാല് മുതൽ അഞ്ച് ചക്ക വരെ ഉണ്ടാകുമെങ്കിലും, ആദ്യ വർഷങ്ങളിൽ ഒരു മരത്തില്‍ പരമാവധി രണ്ടോ മൂന്നോ ചക്കകള്‍ മാത്രം നിര്‍ത്തി ശേഷിക്കുന്നവ നീക്കം ചെയുന്നത് പ്ലാവിന്റെ വളർച്ചക്കു ഗുണകരം ആണ്. അങ്ങനെ ചെയ്യുമ്പോൾ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തടിക്ക് വണ്ണം കൂടുകയും വിളവ് ഉയർന്നുകൊണ്ടുമിരിക്കും.

 

ചക്ക ധാരാളമായി ഉണ്ടാകുമെങ്കിലും ചില സ്ഥലങ്ങളില്‍ ചക്ക ചീയല്‍ വ്യാപകമായി കാണുന്നു. ആദ്യഘട്ടങ്ങളില്‍ ചെറിയ ചക്കകളിൽ ചെറിയ തവിട്ടു നിറത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടും. തുടര്‍ന്ന് തവിട്ട് നിറം വ്യാപിക്കുകയും, പിന്നീട് അത് പൊഴിഞ്ഞു പോകുകയുക ചെയ്യും.

 

രണ്ടാഴ്ചയിലൊരിക്കല്‍ മിത്ര ബാക്ടീരിയയായ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നതും ചെടിയില്‍ തളിക്കുന്നതും ചെറിയ ചക്കകൾ ചീയുന്നതു ഒഴിവാക്കാന്‍ സഹായിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *