ന്യൂഡൽഹി :- മോട്ടോർ വാഹന അപകടക്കേസുകളിൽ നിർണയാക വിധിയുമായി സുപ്രീംകോടതി.അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തിൽ മരിച്ചാൽ ഇൻഷുറൻസ് തുക നൽകാൻ കമ്പനിക്ക് ബാധ്യതയില്ലന്നാണ് നിർണായക ഉത്തരവ്. അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമങ്ങൾ ലംഘിക്കൽ തുടങ്ങിയ ഡ്രൈവറുടെ സ്വന്തം തെറ്റ് കാരണം അപകടം സംഭവിച്ചാൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കമ്പനിയെ നിർബന്ധിക്കാനാവില്ലന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 2014ൽ ഉണ്ടായ അപകടത്തിൽ മരിച്ച കർണാടക സ്വദേശി എൻ എസ് രവീഷിൻ്റെ ഭാര്യ നൽകിയ അപ്പീൽ തള്ളിയാണ് വിധി. ബാഹ്യ ഇടപെടലില്ലാതെ ഡ്രൈവറുടെ തെറ്റ് മൂലം മാത്രമാണ് അപകടമെങ്കിൽ നഷ്‌ടപരിഹാരത്തിന് അർഹതയില്ലന്ന് ഉത്തരവിൽ പറഞ്ഞു.
സമാന ആവശ്യവുമായി മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലിനെയും കർണാടക ഹൈക്കോടതിയേയും കുടുംബം സമീപിച്ചുവെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ഹൈക്കോടതി കണ്ടെത്തലിനോട് സുപ്രീംകോടതിയും യോജിക്കുകയായിരുന്നു.
മല്ലസാന്ദ്ര ഗ്രാമത്തിൽ നിന്ന് അർസികെരെ നഗരത്തിലേയ്ക്ക് ഫിയറ്റ് കാർ ഓടിച്ചുപോകവേയാണ് അപകടമുണ്ടായത്. അമിത വേഗതയാണ് അപകടകാരണമെന്ന് പൊലീസിന്റെ എഫ്ഐആറിൽ വ്യക്തമാണ്. രവീഷിന് പ്രതിമാസം മൂന്നുലക്ഷം രൂപ ശമ്പളമുണ്ടായിരുന്നുവെന്നും 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയോട് കുടുംബം ആവശ്യപ്പെട്ടു. കമ്പനി ഇത് അംഗീകരിച്ചിരുന്നില്ല. അമിതവേഗതയിൽ നിയന്ത്രണംവിട്ട് മറിയും മുമ്പ് രവീഷ് ട്രാഫിക് നിയമങ്ങൾ ലംഘിച്ചുവെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ട്രാഫിക് നിയമലംഘനമുണ്ടായിട്ടില്ലന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ബെഞ്ച് എടുത്തുപറഞ്ഞു.