തിരുവനന്തപുരം: വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും എല്ലാ മാസവും ക്ലാസ് പരീക്ഷകൾ നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷക്കുള്ള ഏകീകൃത ചോദ്യപേപ്പർ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ തയാറാക്കും. ആവശ്യമുള്ള കുട്ടികൾക്ക് പഠനപിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. സമഗ്ര ഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ല വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗത്തിനുശേഷം നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠനനേട്ട സർവേയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന്റെ നേട്ടം സ്‌കൂളുകളിൽ ആഘോഷിക്കും. ഈ മാസം പത്തിന് എല്ലാ സ്‌കൂളുകളിലും വിജയാഹ്ലാദദിനമായി ആചരിക്കും. സ്‌കൂളുകളിൽ സ്‌പെഷ്യൽ അസംബ്ലിയും ഉണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ പൊതുസ്ഥലംമാറ്റ നടപടികൾ ഓൺലൈനായി നടത്തുന്നതിനുള്ള ശിപാർശ സർക്കാറിന് സമർപ്പിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പകർപ്പ് വിദ്യാർഥികൾക്കും നൽകും. ഡി.ഡി.ഇ, എ.ഇ.ഒ, ഡി.ഇ.ഒ എന്നിവർ കൃത്യമായ ഇടവേളകളിൽ സ്‌കൂളുകൾ സന്ദർശിക്കും. ഭിന്നശേഷി നിയമനം അടക്കമുള്ള ഫയലുകളിൽ ഒരുകാരണവശാലും കാലതാമസം വരുത്തരുതെന്നും യോഗത്തിൽ മന്ത്രി നിർദേശിച്ചു. എല്ലാ വിദ്യാഭ്യാസ ഓഫിസുകളിലും അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ പര്യാപ്തമായ ഫ്രണ്ട് ഓഫിസ് ഉണ്ടാകണം. സ്‌കൂളുകളിൽ ആഗസ്റ്റ് 15നകം സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൻ ആരംഭിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.