പാലക്കാട്: പൊൽപ്പുള്ളി അത്തിക്കോട് വെച്ച് കാറിന് തീപിടിച്ച് ഒരു സ്ത്രീക്കും അവരുടെ മൂന്ന് കുട്ടികൾക്കും പൊള്ളലേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ദാരുണ സംഭവം നടന്നത്.അത്തിക്കോട് പുളക്കാട് സ്വദേശിനിയും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ എൽസി മാർട്ടിൻ (40), മക്കളായ അലീന (10), ആൽഫിൻ (6), എമി (4) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ആൽഫിനും എമിക്കും 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ എൽസി, കുട്ടികളുമായി കാറിൽ പുറത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. എല്ലാവരും കാറിൽ കയറിയ ശേഷം എൽസി വാഹനം സ്റ്റാർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ വലിയ ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയും തീ ആളിപ്പടരുകയുമായിരുന്നു. അപകടത്തിൽപ്പെട്ടവർക്ക് പെട്ടെന്ന് കാറിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചില്ല. എന്നാൽ, ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണയ്ക്കുകയും, കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുകയും ചെയ്തു.
അപകടകാരണത്തെക്കുറിച്ച് പ്രാഥമിക നിഗമനങ്ങൾ പുറത്തുവന്നിട്ടില്ല. കാറിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നും, അതല്ല ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നും അഭ്യൂഹങ്ങളുമുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഈ കുടുംബം അടുത്തിടെ ഒരു ദുരന്തത്തെ അഭിമുഖീകരിച്ചിരുന്നു. ഏകദേശം ഒന്നര മാസം മുൻപാണ് എൽസിയുടെ ഭർത്താവ് മാർട്ടിൻ അന്തരിച്ചത്. ഭർത്താവിന്റെ വിയോഗത്തെത്തുടർന്ന് ജോലിയിൽ നിന്ന് അവധിയെടുത്തിരുന്ന എൽസി, കഴിഞ്ഞ ദിവസമാണ് വീണ്ടും ആശുപത്രിയിലെ ജോലിയിൽ പ്രവേശിച്ചത്.