തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത്ഷാ ഉദ്ഘാടനം ചെയ്തു. അരിസ്റ്റോ ജംഗ്ഷന് സമീപം കെ ജി മാരാർ മന്ദിരമെന്ന് പേരിട്ട ബിജെപി സംസ്ഥാന ഓഫീസിലെത്തിയ കേന്ദ്രമന്ത്രി ആദ്യം പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നിൽ വൃക്ഷത്തൈ നട്ടു. ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച പാർട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി മാരാരുടെ അർധകായ വെങ്കല പ്രതിമ അനാവരണം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തെ മറ്റ് പ്രധാന നേതാക്കളും ദേശീയ നേതാക്കളും ചടങ്ങില്‍ പങ്കാളികളായി.
തുടര്‍ന്ന്, ബിജെപിയുടെ വാര്‍ഡ് തല നേതൃസംഗമം പുത്തരിക്കണ്ടം മൈതാനത്ത് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മുന്നൊരുക്കും പ്രഖ്യാപിക്കുന്നതായി ചടങ്ങ്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍,മുന്‍കേന്ദ്രമന്ത്രി വി മുരളീധരന്‍, മുതിര്‍ന്ന നേതാവ് പ്രകാശ് ജാവ്ദേക്കര്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.