ന്യൂഡല്‍ഹി: വധശിക്ഷ റദ്ദാക്കാന്‍ ഇനി ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍. അറ്റോര്‍ണി ജനറലായ ആര്‍ വെങ്കിട്ടരമണിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ ചെയ്‌തെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. എന്നാല്‍ ദിയാധനം അടക്കമുള്ള കാര്യങ്ങളിലെ ചര്‍ച്ചകള്‍ സ്വകാര്യമായി നടക്കേണ്ടതാണ്. അതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിധിയുണ്ടെന്നും കേന്ദ്രം അറിയിച്ചു.
എന്നാല്‍ വധശിക്ഷ എന്നത് സങ്കടകരമായ കാര്യമാണെന്നും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ നോക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച റിപോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞു. ആശയവിനിമയം നടക്കട്ടേ എന്നും നല്ലതു സംഭവിക്കട്ടെ എന്നും കോടതി പറഞ്ഞു. അടുത്ത വാദം കേള്‍ക്കല്‍ വെള്ളിയാഴ്ച നടക്കും.
നിമിഷപ്രിയയുടെ വധശിക്ഷ 16ന് യമനില്‍ നടക്കുമെന്നാണ് റിപോര്‍ട്ട്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷ പ്രിയ തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് യെമനില്‍ നഴ്‌സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മെഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. പിന്നീട്, ബന്ധം മോശമായതിനെ തുടര്‍ന്ന് 2017ലാണ് കൊല നടന്നത്.
വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയിലാണ് മെഹ്ദിയുടെ മൃതദേഹം കണ്ടെത്തിയത്. മെഹ്ദിയെ താന്‍ മയക്കുമരുന്ന് കുത്തിവച്ച് മയക്കുക മാത്രമാണ് ചെയ്തതെന്ന് നിമിഷ വാദിച്ചു. പിന്നീട് സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു വാദം. വിചാരണയ്ക്ക് ശേഷം 2018ല്‍ യെമന്‍ കോടതി നിമിഷക്ക് വധശിക്ഷ വിധിച്ചു. കൊലക്ക് കൂട്ടുനിന്ന ഹനാന്‍ എന്ന യുവതിക്ക് ജീവപര്യന്തം തടവും വിധിച്ചു. അപ്പീല്‍ പോയെങ്കിലും മേല്‍ക്കോടതിയും വധശിക്ഷ ശരി വയ്ക്കുകയായിരുന്നു.