മാനന്തവാടി : വയനാട് ഗവ-മെഡിക്കൽ കോളജ് ആശുപത്രിയിൽ അരിവാൾ കോശ രോഗിയായ 26-കാരന്റെ ഇടുപ്പ് ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവെച്ചു. ഇതോടെ ചേകാടി സ്വദേശിയായ യുവാവിന് ദുരിതപൂർണമായ ജീവിതത്തിൽ നിന്നും മോചനമായി. 2021 ൽ മാത്രം മെഡിക്കൽ കോളജ് ആയി ഉയർത്തിയ ആശുപത്രിയിൽ ഇതിനകം മൂന്ന് അരിവാൾ കോശ രോഗികളിലാണ് അതിസങ്കീർണ്ണമായ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
ഓർത്തോപീഡിക്സ് വിഭാഗത്തിലെ ഡോക്ടർമാരായ അനീൻ എൻ കുട്ടി, കെ സുരേഷ്, വി ശശികുമാർ, ഡിജോ, ഇർഫാൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരായ ബഷീർ, ചന്ദൻ, ഉസ്മാൻ വയൽപറമ്പത്ത്, മുനീർ, സർജറി വിഭാഗം ഡോക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ നഴ്സിംഗ് ജീവനക്കാരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
സംസ്ഥാനത്തിലെ ഏക അത്യാധുനിക സിക്കിൾ സെൽ യൂണിറ്റാണ് മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. വിദഗ്‌ധ പരിശീലനം ലഭിച്ച ഡോക്‌ടർമാർ, നഴ്‌സിങ്ങ് ഓഫീസർമാർ, ലാബ് ടെക്നീഷ്യൻ, ഫിസിയോ തെറാപ്പിസ്റ്റ്, ഡാറ്റ എൻട്രി ജീവനക്കാർ എന്നിവരുടെ സേവനം സിക്കിൾ സെൽ യൂണിറ്റിൽ ലഭ്യമാണ്.