തൊണ്ടർനാട്: വിവാഹ വാഗ്ദാനം നൽകി പത്തനംതിട്ട സ്വദേശിനിയായ ആദിവാസി യുവതിയെ തൊണ്ടർനാട് വാളാംതോടെത്തിച്ച് പീഡിപ്പിച്ചതായുള്ള പരാതിയിൽ തൊട്ടിൽപ്പാലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
തൊട്ടിൽപ്പാലം കാവിലുംപാറ ബലികളത്തിൽ വീട്ടിൽ വിനീഷിനെയാണ് അറസ്റ്റ് ചെയ്‌തത്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്‌പി ടി.എ അഗസ്റ്റിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാർക്കറ്റിംഗ് ജോലിയുടെ ഭാഗമായി വീടുകൾ കയറി ഉത്പ്പന്നങ്ങൾ വിറ്റിരുന്ന യുവതിയെ തൊട്ടിൽപാലത്തെ പ്രതിയുടെ വീട്ടിലെത്തിയപ്പോൾ തന്ത്രപൂർവം മൊബൈൽ നമ്പർ സംഘടിപ്പിച്ച് പ്രതി യുവതിയുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി വാളാംതോടെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
യുവതി ആദ്യം കുറ്റ്യാടി പൊലിസിൽ പരാതി നൽകുകയും, തുടർ അന്വേഷണത്തിൻ്റെ ഭാഗമായി കുറ്റ്യാടി പോലീസ് കേസ് തൊണ്ടർനാട് പൊലീസിന് കൈമാറുകയും കേസെടുത്ത തൊണ്ടർനാട് പോലീസ് പരാതിക്കാരി ആദിവാസി യുവതിയായതിനാൽ കേസ് മാനന്തവാടി എസ്എംഎസിന് കൈമാറുകയായിരുന്നു. എസ് ഐ ആന്റണി, സിപിഒ അജിനാസ്, ജിയോ തോമസ് അബിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.