തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കാലത്ത് റേഷൻ കടകൾ വഴി ആറുലക്ഷം മഞ്ഞ കാർഡ് ഉടമകൾക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകും. അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, നെയ്യ്, കറിപ്പൊടികൾ എന്നിവയടക്കം സാധനങ്ങൾ കിറ്റിലുണ്ടാകും. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് എന്ന കണക്കിലും കിറ്റ് സൗജന്യമായി നൽകും.നീല കാർഡുകാർക്ക് 10 കിലോ അരിയും, വെള്ളക്കാർഡുകാർക്ക് 15 കിലോ അരി, കിലോയ്ക്ക് പത്ത് രൂപ 90 പൈസ പ്രകാരവും വിതരണം ചെയ്യും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ K റൈസ് 25 രൂപ നിരക്കിൽ നൽകും. നിലവിൽ 29 രൂപയ്ക്കാണ് K റൈസ് നൽകുന്നത്.
അർഹരായ മുഴുവൻ കുടുംബങ്ങൾക്കും കിറ്റുകൾ ലഭ്യമാക്കുന്നു എന്ന് ഉറപ്പാക്കാൻ സർക്കാർ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതേസമയം, വിലക്കുറവില്‍ സംസ്ഥാന വ്യാപകമായി ഇത്തവണയും സപ്ലൈകോ ഓണച്ചന്ത നടത്തും. വിവിധ ഇനം സബ്‌സിഡി സാധനങ്ങൾക്കു പുറമെ ശബരി ഉത്‌പന്നങ്ങൾ, മറ്റ് എഫ്.എം.സി.ജി. ഉല്‌പന്നങ്ങൾ, മിൽമ ഉത്‌പന്നങ്ങൾ, കൈത്തറി ഉത്‌പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50% വരെ വിലക്കുറവിൽ വില്‍പന നടത്തും. ഇതിനു പുറമെ പ്രമുഖ ബ്രാൻ്റുകളുടെ നിരവധി നിത്യോപയോഗ സാധനങ്ങൾക്കും വൻ വിലക്കുറവില്‍ നല്‍കും.
ഇത്തവണത്തെ കിറ്റിൽ എന്തെല്ലാം?
1.500 ML വെളിച്ചെണ്ണ
2.500 ഗ്രാം പഞ്ചസാര
3.ചെറുപയർ പരിപ്പ്
4.സേമിയ പായസം മിക്സ്
5.മിൽമ നെയ്യ്
6.കശുവണ്ടി പരിപ്പ്
7.സാമ്പാർ പൊടി
8.മുളകുപൊടി
9.മഞ്ഞപ്പൊടി
10.മല്ലിപ്പൊടി
11.തേയില
12.ചെറുപയർ
13.തുവരപ്പരിപ്പ്
14.ഉപ്പ്
15.തുണി സഞ്ചി