ലണ്ടൻ: 374 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 50 റൺസ് എടുക്കുന്നതിനിടെ ഒരുവിക്കറ്റ് നഷ്ടമായി.ഓപ്പണർ സാക് ക്രോളി 36 പന്തിൽ 14 റൺസെടുത്ത് സിറാജിന്റെ പന്തിൽ കുറ്റിതെറിച്ച് പുറത്തായി. രണ്ടുദിവസം ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 324 റൺസുകൂടി എടുക്കണം. പരമ്പര സമനിലയിലാക്കണമെങ്കിൽ ഇന്ത്യക്ക് ജയം അനിവാര്യമാണെന്നിരിക്കെ ബാക്കി 9 വിക്കറ്റുകൾ വീഴ്ത്തുകയും വേണം. മറ്റു ദിവസങ്ങളിൽനിന്ന് വ്യത്യസ്തമായി പിച്ചിലെ ഈർപ്പം കുറഞ്ഞതും ഔട്ട് ഫീൽഡ് ഉണങ്ങിയതും ഇരുടീമുകൾക്കും ഗുണമാകും.
പരിക്കേറ്റ ക്രിവോക്‌സ് ബാറ്റ് ചെയ്യുമോ എന്നും കണ്ടറിയണം ബാറ്റ് ചെയ്‌തില്ലെങ്കിൽ ഫലത്തിൽ 8 വിക്കറ്റ് വീഴ്ത്തിയാൽ ഇന്ത്യക്ക് ജയിക്കാം. മൂന്നാം ദിവസം ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഓപ്പണർ യശസ്വി ജയ്‌സ്വാളിൻ് സെഞ്ച്വറിയും നൈറ്റ് വാച്ച്‌മാനായി ഇറങ്ങിയ ആകാശ് ദീപിന്റെയും രവീന്ദ്ര ജദേജയുടെയും വാഷിങ്ടൺ സുന്ദറിൻ്റെയും അർധ സെഞ്ച്വറികളുമാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 164 പന്തിൽ 14 ഫോറും രണ്ടു സിക്സുമടക്കം 118 റൺസെടുത്താണ് ജയ്‌സ്വാൾ പുറത്തായത്.
നാലാമനായി ഇറങ്ങി ഈ പേസർ ടെസ്റ്റ്’കരിയറിലെ കന്നി അർധ സെഞ്ച്വറിയാണിത് ഓവലിൽ കുറിച്ചത്.94 പന്തിൽ 12 ഫോറടക്കം 66 റൺസെടുത്താണ് താരം പുറത്തായത്. ജദേജ 77 പന്തിൽ 53 റൺസെടുത്തു. അവസാന വിക്കറ്റിൽ തകർത്തടിച്ച വാഷിങ്ടൺ 46 പന്തിൽ നാലു വീതം സിക്സും ഫോറുമടക്കം 53 റൺസെടുത്തു. മൂന്നാം ദിനം രണ്ടിന് 75 റൺസെന്ന നിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യക്കുവേണ്ടി ജയ്സ്വാളും ആകാശും ശ്രദ്ധയോടെയാണ് ബാറ്റുവിശീയത്.
ഇംഗ്ലീഷ് ബൗളർമാർ മാറിമാറി പരീക്ഷിച്ചെങ്കിലും ആകാശീപിനെ കുടുക്കാനായില്ല. ബൗളർമാരെ ഇടവിട്ട് ബൗണ്ടറി കടത്തി താരം സ്‌കോർ ഉയർത്തി. മൂന്നാം വിക്കറ്റിൽ സെഞ്ച്വറി (107 റൺസ്) കൂട്ടുകെട്ടുണ്ടാക്കിയാണ് ആകാശ് പുറത്തായത്. ജമീ ഓവർട്ടണിന്റെ പന്തിൽ ഗസ് അറ്റ്കിൻസണ് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.