മുള്ളൻകൊല്ലി : അന്താരാഷ്ട്ര സൗഹൃദ ദിനത്തോടനുബന്ധിച്ച് മുള്ളൻകൊല്ലി സെന്റ് മേരിസ് എയുപി സ്കൂൾ വിദ്യാർത്ഥികൾ ചങ്ങാതിമാർക്ക് വൃക്ഷ തൈകൾ കൈമാറി സൗഹൃദ ദിനം ആഘോഷിച്ചു. ഹരിത കേരളം മിഷന്റെ ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചങ്ങാതിക്കൊരു തൈ പരിപാടി സ്കൂളിൽ സംഘടിപ്പിച്ചത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനു കച്ചിറയിൽ അധ്യക്ഷത വഹിച്ച പരിപാടി
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി ആക്കാംന്തരിയിൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിനും ജൈവവൈവിധ്യ പരിപാലനത്തിനും ഊന്നൽ നൽകി സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പങ്കാളിത്തം ഉറപ്പാക്കുക, മാലിന്യമുക്തവും പച്ചപ്പ് നിറഞ്ഞതുമായ നവകേരളം സൃഷ്ടിക്കുക, നെറ്റ് സീറോ കാർബൺ കേരളം ജനകീയ പങ്കാളിത്തത്തോടെ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷൻ രൂപം നൽകിയ ജനകീയ മുന്നേറ്റമാണ് ഒരു തൈ നടാം വൃക്ഷവൽക്കരണ കാമ്പയിൻ. മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകളാണ് ജൂൺ 5 മുതൽ സെപ്റ്റംബർ 30 വരെ കമ്പയിനിലൂടെ നട്ടുപിടിപ്പിക്കുക.സൗഹൃദം മഹാ വൃക്ഷമായി വളരട്ടെ എന്ന സന്ദേശവുമായി പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങളിൽ വിദ്ധാർത്ഥികളെയും പങ്കാളികളാക്കുക എന്ന അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മാവ്, പ്ലാവ്, നെല്ലി, ചാമ്പ, പുളി, കശുമാവ് തുടങ്ങി നിരവധി വൃക്ഷ തൈകളാണ് വിദ്ധാർത്ഥികൾ കൈമാറിയത്. പ്രധാനധ്യാപിക ജയ് മോൾ തോമസ്, തൊഴിലുറപ്പ് പദ്ധതി ഓവർസീർ പി കെ ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ പി എൻ ജിജു, വിഇഒ പി സാജൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശലഭ ലൂയിസ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേർസൺ പി എം മഞ്ജു, സ്വച്ച് സർവ്വേക്ഷൻ ഗ്രാമീൻ റിസോഴ്സ് പേഴ്സൺ ഇബ്രാഹിം അലി ഖാൻ തുടങ്ങിയവർ സംസാരിച്ചു.