40ൻ്റെ നിറവിൽ വയനാടിന്റെ സ്വന്തം പ്രിയദർശിനി ബസ്

മാനന്തവാടി :ഒരു കാലത്ത് വയനാടൻ റോഡുകളിൽ പേരുകേട്ട പ്രിയദർശിനി ബസുകൾ ‘നാൽപ്പതിന്റെ നിറവിൽ .ജില്ലാ പട്ടികജാതി-പട്ടികവർഗ സഹകരണ സംഘം നടത്തുന്ന ബസ് സർവീസ് ഇപ്പോൾ തുടരുന്നത് വയനാട്ടിൽ മാത്രം .പ്രതാപകാലത്ത് ഉണ്ടായിരുന്നത് 8 ബസുകൾ പഴയ പ്രതാപമില്ലെങ്കിലും ക്ലച്ച് ചവിട്ടി, ഗിയർ മാറ്റി 40ാം വർഷത്തിലേക്ക് വളയം തിരിയ്ക്കുകയാണ് ജില്ലാ പട്ടികജാതി-പട്ടികവർഗ സഹകരണ സംഘം നടത്തുന്ന പ്രിയദർശിനി ട്രാൻസ്‌പോർട്ട് ബസ് സർവീസ്. ഇപ്പോഴും മൂന്നെണ്ണം നിരത്തിലുള്ളപ്പോൾ മറ്റ് 13 ജില്ലകളിലും സർവീസ് അവസാനിപ്പിച്ചിട്ട് വർഷങ്ങളായി.

 

▪️ മാനന്തവാടി-കോഴിക്കോട്

▪️ മാനന്തവാടി-സുൽത്താൻ ബത്തേരി

▪️ മാനന്തവാടി-വാളാട് റൂട്ടുകളിലാണ് മൂന്ന് ബസുകൾ ഓടുന്നത്.

 

1985 ൽ എല്ലാ ജില്ലകളിലും ആരംഭിച്ച പട്ടികജാതി-പട്ടികവർഗ സഹകരണ ട്രാൻസ്‌പോർട്ട് സംഘം പിറ്റേ വർഷമാണ് ബസുകൾ വാങ്ങി സർവീസ് തുടങ്ങിയത്. വയനാട്ടിൽ മാനന്തവാടി-സുൽത്താൻ ബത്തേരി റൂട്ടിൽ തുടക്കംകുറിച്ച പ്രിയദർശിനി ബസ് പിന്നീട് ഈ റൂട്ട് കുത്തകയാക്കി. ജനം ബസിനായി കാത്തുനിന്ന അക്കാലത്ത് വളർച്ചയുടെ ടോപ് ഗിയറിൽ ഓടിയ സംഘം ബസുകളുടെ എണ്ണം കൂട്ടി, 2016 ൽ അത് എട്ട് വരെയായി. പനമരം-മാനന്തവാടി, മാനന്തവാടി-നിരവിൽപുഴ റൂട്ടിലൊക്കെ നിറയെ യാത്രക്കാർ.

 

ജില്ലാ കളക്ടർ ചെയർമാനും സബ് കളക്ടർ എംഡിയുമായുള്ള സംഘത്തിന്റെ ബസുകൾ കെഎസ്ആർടിസി, സ്വകാര്യ ബസ് പണിമുടക്കുള്ള ദിവസങ്ങളിലും പ്രത്യേക നിർദേശപ്രകാരം ഓടി. അന്നത്തെ ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ചു വയനാട്ടിലെ ആദിവാസികളെ ശബരിമലയ്ക്ക് കൊണ്ടുപോയത് സംഘം സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി ഒ തോമസ് ഓർത്തെടുക്കുന്നു. “അതിന് പുറമെ, കൊട്ടിയൂരിലേക്കും വള്ളിയൂർകാവിലേക്കും മാഹി പള്ളി പെരുന്നാളിനുമെല്ലാം പ്രത്യേക സർവീസ് നടത്തിയിരുന്നു,” അദ്ദേഹം പറഞ്ഞു.

 

2012 ൽ സംഘം ടൂറിസ്റ്റ് ബസുകളും ഇറക്കി. എന്നാൽ നിരത്തുകളിൽ കൂടുതൽ ബസ് സർവീസുകൾ വന്നതോടെ മത്സരം കടുത്തതും ഡീസൽ വില വർധനയും സ്പെയർ പാർട്സുകളുടെ വിലയിലെ ഗണ്യമായ വർധനയും തിരിച്ചടിയായി. എന്നിട്ടും മറ്റ് ജില്ലകളിലേത് പോലെ അടച്ചുപൂട്ടാൻ സംഘം തയാറായില്ല. ഒരു വർഷമായി തൊഴിലാളികൾക്ക് തന്നെ ലീസിന് നൽകിയാണ് പ്രിയദർശിനി ബസുകൾ ഓടുന്നത്. നിലവിൽ മൂന്ന് ബസുകളിലായി 18 തൊഴിലാളികളുണ്ട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *