ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറി – പഴവർഗങ്ങളിൽ മാരക കീടനാശിനി പ്രയോഗം. കൃഷി വകുപ്പ് ഓണക്കാലത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിവിധ ജില്ലകളിൽ എത്തിച്ച പച്ചക്കറിയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഓണം വിപണിയിൽ ആഭ്യന്തര പച്ചക്കറി കൂടുതൽ പ്രോത്സാഹിപ്പിക്കാനുള്ള ഇടപെടൽ കൃഷി വകുപ്പ് നടത്തുന്നുണ്ട്.
പച്ചക്കറിയിലൂടെയും പഴവർഗങ്ങളിലൂടെയും മാരക കീടനാശിനി മലയാളിയുടെ ഉള്ളിലേക്ക് ചെന്നു തുടങ്ങിയിട്ട് വർഷം കുറെയായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും മുമ്പെങ്ങും ഇല്ലാത്ത വിധം കീടനാശിനി പ്രയോഗിക്കുന്നു. എല്ലാ മാസവും കൃത്യമായി പച്ചക്കറികൾ കൃഷിവകുപ്പ് പരിശോധിക്കാറുണ്ട്. ഓണത്തിന് മുന്നോടിയായി വിപണിയിലെ പച്ചക്കറിയും പഴങ്ങളും പരിശോധിച്ചപ്പോഴാണ് കീടനാശിനിയുടെ അളവ് കൂടുതലായി കണ്ടത്.
പച്ചമുളക് മുതൽ വെളുത്തുള്ളി, ക്യാരറ്റ്, ക്യാപ്സിക്കം, കത്തിരി, പയർ, കോവയ്ക്ക, നാരങ്ങ ഇങ്ങനെ തുടങ്ങുന്നു വിഷാംശമുള്ള പച്ചക്കറികളുടെ നിര. ആസ്വദിച്ചു കഴിക്കുന്ന ആപ്പിളിലും സപ്പോട്ടയിലും മുന്തിരിയിലും ഓറഞ്ചിലും പേരക്കയിലും എല്ലാം കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന പച്ചക്കറികളിൽ കീടനാശിനി കൂടുതലായതോടെ ആഭ്യന്തര പച്ചക്കറി ഉൽപാദനത്തിനുള്ള വഴി കൃഷിവകുപ്പ് നേരത്തെ തുറന്നിരുന്നു. ഇത് പ്രകാരം ഹോർട്ടികോർപ്പിലൂടെ ഓണക്കാലത്ത് പരമാവധി വിലകുറച്ച് ജൈവ പച്ചക്കറികൾ ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യം.