ആലപ്പുഴ: അമേരിക്ക ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം ചുങ്കം മറ്റൊരു തരത്തിലും രാജ്യത്തെ ബാധിക്കുന്നു. ഇന്ത്യയില്‍നിന്നുള്ള ഉത്പന്നങ്ങളുടെ വിലകുറയുമെന്ന പ്രതീക്ഷയില്‍ ചൈനയും തത്കാലം വാങ്ങല്‍ നിര്‍ത്തിയതാണ് വലിയ തിരിച്ചടിയായത്. രണ്ടുരാജ്യങ്ങളും തത്കാലം കപ്പലുകള്‍ അയയ്‌ക്കേണ്ടെന്ന നിലപാടിലാണ്.
ഇന്ത്യയുടെ 2023-24 വര്‍ഷത്തെ ആകെ സമുദ്രോത്പന്ന കയറ്റുമതി 60523 കോടി രൂപയായിരുന്നുവെന്നാണ് എംപെഡ(മറൈന്‍ പ്രോഡക്ട്‌സ് എക്‌സോപോര്‍ട്ട് അതോറിറ്റി)യുടെ കണക്ക്. ഇതിന്റെ മൂന്നിലൊന്നും (20892 കോടി) അമേരിക്കയിലേക്കായിരുന്നു. ഇന്ത്യന്‍ സമുദ്രവിഭവങ്ങള്‍ വാങ്ങുന്നതില്‍ രണ്ടാംസ്ഥാനം ചൈനയ്ക്കാണ്. ഈ കാലയളവില്‍ 11825 കോടിയാണ് ചൈന വാങ്ങിയതു വഴി രാജ്യത്തിനു ലഭിച്ചത്. അമേരിക്ക കനത്ത തീരുവ ചുമത്തിയതോടെ ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ക്ക് വിലക്കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചൈന. അതുകൊണ്ടാണ് അവര്‍ ഇറക്കുമതിയില്‍ മെല്ലെപ്പോക്ക് തുടരുന്നത്.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയാണ് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഏറ്റവുമധികം ബാധിക്കുന്ന മേഖലകളിലൊന്ന് സമുദ്രോത്പന്നമാണ്. ആന്റി ഡമ്പിങ് ഡ്യൂട്ടി, കൗണ്ടര്‍വെയ്‌ലിങ് ഡ്യൂട്ടി എന്നിവയടക്കം ആകെ തീരുവ 58 ശതമാനം വരും. ഇത്രയധികം തീരുവ നല്‍കി സാധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കില്ല. ആദ്യം 25 ശതമാനം തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. ആ ഘട്ടത്തില്‍ പുറപ്പെട്ട കണ്ടെയ്‌നറുകള്‍ ഇപ്പോള്‍ കടല്‍യാത്രകളിലാണ്. സെപ്റ്റംബര്‍ 17-ന് മുമ്പ് അവിടെയെത്തിയാല്‍ 25 ശതമാനം തീരുവ നല്‍കിയാല്‍ മതി. അതുകഴിഞ്ഞാല്‍ 50 ശതമാനമാകും.
അമേരിക്കയില്‍നിന്ന് ലഭിക്കുന്ന 20000 കോടിയോളം രൂപ ഒറ്റയടിക്കു നഷ്ടപ്പെടുന്നത് കടലുമായി ബന്ധപ്പെടുന്ന എല്ലാ വിഭാഗങ്ങളെയും ബാധിക്കും. ഏറ്റവും ഇങ്ങേയറ്റത്ത് മത്സ്യത്തൊഴിലാളികളെ വരെ ബാധിക്കുന്ന വിഷയമാണിത്. വളരെ തീരുവ കുറച്ച് മറ്റു ഇക്വഡോര്‍, ഇന്‍ഡൊനീഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍നിന്ന് സമുദ്രോത്പന്നങ്ങള്‍ വാങ്ങാന്‍ അമേരിക്കയ്ക്കു കഴിയും.
കടലാമ പ്രശ്‌നം പറഞ്ഞ് ഏതാനും വര്‍ഷങ്ങളായി കേരളതീരത്തുനിന്നുള്ള ചെമ്മീന്‍ അമേരിക്ക വാങ്ങുന്നില്ല. ആന്ധ്രയിലും മറ്റും കൃഷി ചെയ്തു കൊണ്ടുവരുന്ന ചെമ്മീന്‍ ഇവിടെ പ്രോസസ് ചെയ്താണ് കയറ്റുമതി ചെയ്യുന്നത്. 2023-24 വര്‍ഷം കയറ്റുമതി വഴി ലഭിച്ച 60523 കോടിയില്‍ 40013 കോടിയും ചെമ്മീന്‍ കയറ്റുമതി വഴി ലഭിച്ചതാണ്. കണവ, കൂന്തല്‍ എന്നിവയാണ് മറ്റു പ്രധാന ഇനങ്ങള്‍.