നെൽവിത്ത് പൈതൃക സംക്ഷണത്തിന് ചിത്തിര കൂട്ടത്തിന് സംസ്ഥാന പുരസ്കാരം. പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിളകളുടെ സംരക്ഷണം എന്നിവ നടത്തുന്ന ആദിവാസി ഊര് വിഭാഗത്തിൽ കാര്‍ഷിക വകുപ്പ് ഏര്‍പ്പെടുത്തിയ അവാർഡാണ് ബത്ത ഗുഡ്ഡെ ഗ്രൂപ്പിന് ലഭിച്ചത്. ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സിഡിഎസ്, തിരുനെല്ലി കൃഷിഭവൻ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അടിമാലി പാടശേഖരത്തിൽ വിത്ത് സംരക്ഷണ കേന്ദ്രം നടത്തിവരുന്നത്.
ചിത്തിര ജെഎൽജി ഗ്രൂപ്പിന് കീഴിലുള്ള തദ്ദേശീയ ജനവിഭാഗമായ അടിയ വിഭാഗത്തിലെ 10 സ്ത്രീകളാണ് നെൽവിത്ത് പൈതൃക സംരക്ഷണ കേന്ദ്രം നടത്തിവരുന്നത്. 280ൽപരം നെൽ വിത്തുകൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് പദ്ധതി ആരംഭിച്ചത്. ജില്ലയുടെ തനത് നെല്ലിനങ്ങളായ ചോമാല, വെളിയൻ, ഗന്ധകശാല, തൊണ്ടി തുടങ്ങിയ നെല്ലിനങ്ങൾ കൂടാതെ കേരളത്തിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്ന വിവിധ നെല്ലിനങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ഓരോ നെല്ലിനത്തെയും സംരക്ഷിക്കുന്നതോടൊപ്പം അതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിനും വരും തലമുറയ്ക്കും പരിചയപ്പെടുത്തുക എന്നതും പ്രധാന ലക്ഷ്യമാണ്. ഓരോ വർഷവും വിത്തിടുന്ന സമയം മുതൽ നെല്ല് കൊയ്യുന്ന സമയം വരെ വിവിധ ഘട്ടങ്ങളായി സന്ദർശകർക്കും മറ്റുള്ളവര്‍ക്കുമായി വ്യത്യസ്ത പരിശീലന പരിപാടികളും ഗ്രൂപ്പ് നടത്തുന്നുണ്ട്.