കൽപ്പറ്റ: ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ മുണ്ടേരി ജിവിഎച്ച്എസ് സ്കൂളിൽ സാമ്പത്തിക സാക്ഷരത ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. അനധികൃതമായി സമ്പാദിച്ച പണം മറ്റൊരാളുടെ അക്കൗണ്ട് വഴി കൈമാറ്റം ചെയ്യുന്നവർ, ഓൺലൈൻ തട്ടിപ്പുകൾ, ഹാക്കിങ്, കാർഡ് തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്ന് ലഭിച്ച പണം മറ്റുള്ളവരിലേക്ക് നൽകുന്ന മണി മ്യൂൾ എന്ന പ്രവണത തടയണമെന്നും വിദ്യാർത്ഥികൾ ഇത്തരം അപകടകരമായ കാര്യങ്ങളിൽ ഇടപ്പെടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നിൽകി.
കമ്പ്യൂട്ടർ, മൊബൈൽ, നെറ്റ്‌വർക്കുകൾ, ഓൺലൈൻ ഡേറ്റ എന്നിവയുടെ ഹാക്കിങ്, വൈറസ്, അനധികൃത ലോഗിൻ മുതലായവ ഒഴിവാക്കാൻ ഒരിക്കലും ഒടിപികൾ മറ്റാര്‍ക്കും നൽകരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പാസ്‌വേഡുകൾ ശക്തമാക്കുക, വിശ്വാസ്യതയില്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, ആന്റിവൈറസ് അപ്‌ഡേറ്റ് ചെയ്യുക, ബാങ്ക് വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുക എന്നതും പ്രധാനമാണ്.
ഹൈസ്കൂൾ, ഹയര്‍സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി നടത്തിയ ബോധവത്കണ പരിപാടി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കൺവീനർ കെ എസ് പ്രദീപ് (കനറ ബാങ്ക് ജനറൽ മാനേജർ) ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി വി മൻമോഹൻ, സ്കൂൾ പ്രിൻസിപ്പാൾ പി ടി സജീവൻ, ലീഡ് ബാങ്ക് മാനേജർ ടി എം മുരളീധരൻ, ഗ്രാമീൺ ബാങ്ക് റീജണൽ മാനേജർ കെ സുരേന്ദ്രൻ, സ്കൂൾ പ്രധാനാധ്യാപിക കെ സൽമ എന്നിവർ പങ്കെടുത്തു.