നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രം നൂറ്റാണ്ടുകളുടെ പോരാട്ട കഥയാണ്. ലോകം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളില്‍ ഒന്നിലൂടെയാണ് ഇന്ത്യ കൊളോണിയല്‍ ചങ്ങലകള്‍ പൊട്ടിച്ചത്. അടിച്ചമർത്തലിനെതിരെ, പാരതന്ത്ര്യത്തിനെതിരെ അവിശ്രമം നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിനൊടുവിലാണ് സ്വാതന്ത്ര്യത്തിന്റെ പൊൻപുലരി പുലർന്നത്. ആ ഓർമകളിലൂടെയാണ് ഓരോ സ്വാതന്ത്ര്യദിനവും കടന്നുവരുന്നത്.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ചോരചീന്തിപ്പോരാടിയ ആയിരങ്ങള്‍. പേരോ മുഖമോ ഇല്ലാത്ത അനേകർ. അവരുടെ ത്യാഗത്തെ ഓർത്താണ് രാജ്യം ഓരോ സ്വാതന്ത്ര്യദിനവും ആചരിക്കുന്നത്. ഈ രാജ്യം സ്വതന്ത്രയായ ആ അർധരാത്രിക്ക് മുൻപുള്ള രാപ്പകലുകളില്‍ നിശ്ചയദാർഢ്യത്തോടെ പോരാടിയവരോട് , ഇന്ന് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിന് നന്ദി പറയണം.
രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി, ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആർ. അംബേദ്കർ, ആദ്യ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റു, ആദ്യ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ്, പോരാട്ട നായകൻ നേതാജി, സർദാർ വല്ലഭായ് പട്ടേല്‍, മൗലാനാ മുഹമ്മദലി മൗലാനാ ഷൗക്കത്തലി വിപ്ലവകാരി ഭഗത് സിംഗ്, ബ്രിട്ടീഷുകാരോട് പോരാടി വീരമൃതി മരിച്ച മൈസൂർ സിംഹമായ ടിപ്പുസുൽത്താൻ. പെണ്‍കരുത്ത് റാണി ലക്ഷ്മി ഭായ്. സ്വാതന്ത്ര്യം പേരില്‍ കൂട്ടിയ ചന്ദ്രശേഖർ ആസാദ് എന്നിങ്ങനെ നമ്മള്‍ പേരെടുത്ത് അറിയുന്നതും അറിയാത്തതുമായ ആയിരക്കണക്കിന് ധീര ദേശാഭിമാനികള്‍.
ലോക ചരിത്രം കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരം. 1885 മുതല്‍ 1947 നീണ്ടുനിന്ന സ്വാതന്ത്ര്യ സമരത്തിന്റെ സുപ്രധാന കാലഘട്ടം അവിസ്മരണീയമാണ്.
നൂറ്റാണ്ടുകളോളം നമ്മെ അടക്കി ഭരിച്ച് ചൂഷണം ചെയ്തവരോടുള്ള സന്ധിയില്ലാത്ത പോരാട്ടത്തിനൊടുവിലാണ് സ്വാതന്ത്ര്യം നാം നേടിയെടുത്തത്. ഈസ്റ്റ് ഇന്ത്യാ കമ്ബനിയുടെ വരവ്, ഒന്നാം സ്വാതന്ത്ര്യ സമരം, ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരണം, ചമ്ബാരൻ സമരം, ബംഗാള്‍ വിഭജനം, സ്വദേശി പ്രസ്ഥാനം, ജാലിയൻ വാലാബാഗ് കൂട്ടക്കൊല, നിസ്സഹകരണ പ്രസ്ഥാനം, ലാഹോർ സമ്മേളനം, ദണ്ഡിയാത്ര, ക്വിറ്റ് ഇന്ത്യ, ഐഎൻഎ, ഇന്ത്യാ വിഭജനം, ഒടുവില്‍ സ്വാതന്ത്ര്യത്തിന്റെ പുലരി. ഐതിഹാസികമായ ആ സമര ചരിത്രത്തിലെ നിർണായക ഏടുകളാണിവ. നമ്മുടെ ചരിത്രം.
ഒരുമയും മതമൈത്രിയുമായിരുന്നു ഇന്ത്യയുടെ കരുത്ത്. നമ്മുടെ പൂർവികർ സ്വപ്നം കണ്ട രാഷ്ട്രം സൗഹൃദ നീതിയും സമത്വവും നിറഞ്ഞ ദേശമായിരുന്നു. ഇന്ന് 78 സംവത്സരങ്ങള്‍ക്കിപ്പുറം ആ സ്വപ്നത്തിലേക്കുള്ള യാത്രയില്‍ തന്നെയാണ് രാജ്യത്തെ ഓരോ മതേതരവാദിയും. എല്ലാ ഭിന്നിപ്പുകളേയും അതീജിവിക്കാൻ നമുക്ക് ശക്തി പകരുന്നതും ആ കഥകളാണ്. ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രം.