കല്‍പ്പറ്റ: രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം ജില്ലയില്‍ വര്‍ണാഭമായി ആഘോഷിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ. ആർ. കേളു കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി. പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജില്ലാ കലക്ടര്‍ ഡി.ആർ. മേഘശ്രീ ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് മറ്റു വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് അവബോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. ശക്തമായ മഴയിലും കുട്ടികളടക്കമുള്ളമുള്ളവർ ഗ്രൗണ്ടിൽ അണിനിരന്നു.
പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ്, പോലീസ് ബാൻഡ്, ജൂനിയർ റെഡ് ക്രോസ് എന്നിവര്‍ 29 പ്ലട്ടൂണുകളിലായി സ്വാതന്ത്ര്യദിന പരേഡില്‍ അണിനിരന്നു. കൂടാതെ കണ്ണൂർ ഡി.എസ്.സി സൈക്കിൾ റാലി ടീമും കൂടാതെ ആർമി ബാൻഡ് ടീം ജില്ലാ പോലീസ് ബാൻഡ് ടീമിനൊപ്പമുണ്ടായിരുന്നു. പനമരം ഇൻസ്‌പെക്ടർ എസ്.എച്ച്. ഒ പി.ജി രാംജിത്ത് പരേഡ് കമാണ്ടറായി. ഒ.എസ്. ബെന്നി സെക്കൻഡ് ഇൻ കമാണ്ടർ ആയി. പ്രസ്തുത പരേഡിൽ യൂണിഫോമ്ഡ് സേനാ വിഭാഗത്തില്‍ ഡി.എച്ച്.ക്യു വയനാട് ഒന്നാം സ്ഥാനവും, ഫോറെസ്റ്റ് രണ്ടാം സ്ഥാനവും നേടി. എന്‍.സി.സി വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം കോളജ് ഒന്നാമതും നിർമല എച്ച്. എസ് തരിയോട് രണ്ടാമതുമായി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ജി.എം.ആര്‍.എസ് കൽപ്പറ്റ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നിർമല എച്ച്. എസ് തരിയോട് രണ്ടാം സ്ഥാനം നേടി. സ്‌കൗട്‌സിൽ എസ്.കെ.എം.ജെ എച്ച്.എസ്.എസ് കൽപ്പറ്റ, ഡബ്ള്യു.ഒ.എച്ച്.എസ്.എസ് മുട്ടിൽ, ഗൈഡ്സ് വിഭാഗത്തില്‍ എന്‍.എസ്.എസ് എച്ച്.എസ്.എസ് കൽപ്പറ്റ, എസ്.കെ.എം.ജെ എച്ച്.എസ്.എസ് കൽപ്പറ്റ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ടു. ജെ.ആർ.സിയിൽ എസ്.കെ.എം.ജെ എച്ച്.എസ്.എസ് ഒന്നാമതെത്തി.