സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പതിനെട്ടാം തീയതി മുതല്‍ മഴ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ ആഗസ്റ്റ് 27 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്തു പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.