തിരുവനന്തപുരം: വയനാട് ചൂരൽമല പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ നൽകി ലുലു ഗ്രൂപ്പ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പത്ത് കോടിയുടെ ചെക്ക് കൈമാറി. വയനാട് ദുരന്തബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്‌തിൽ യൂസഫലി കൈമാറിയിരുന്നു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 50 വീടുകൾ നിർമിച്ച് നൽകുമെന്ന് യൂസഫലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ഇപ്പോൾ സഹായം കൈമാറിയത്. നാടിന്റെ പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.ഉരുൾ ദുരിതബാധിതർക്കായി നിർമ്മാണം പുരോഗമിക്കുന്ന ടൗൺഷിപ്പിന് ഉൾപ്പെടെ വേഗത പകരാൻ തുക സഹായകമാകുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.