ബത്തേരിയിലെ സ്‌കൂളുകളിൽ സോളാര്‍ വിപ്ലവം ; ഊര്‍ജസംരക്ഷണത്തിന് പുതിയ മാതൃകയായി സുൽത്താൻ ബത്തേരി നഗരസഭ

സുൽത്താൻ ബത്തേരി: ബത്തേരിയിലെ സ്‌കൂളുകളിൽ ഒന്നൊന്നായി ഊര്‍ജ സ്വയംപര്യാപ്തതയിലേക്ക് . ആദ്യഘട്ടത്തിൽ ഗവ. സർവജന, ബീനാച്ചി, കുപ്പാടി സ്‌കൂളുകളിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത്. അടുത്ത ഘട്ടത്തിൽ ഓടപ്പളം, ചേനാട് എന്നീ സ്കൂളുകളിൽ സോളാര്‍ പ്ലാന്റ് സ്ഥാപിക്കും .പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഊര്‍ജസംരക്ഷണത്തിന് പുതിയ മാതൃക തീര്‍ക്കുകയാണ് സുൽത്താൻ ബത്തേരി നഗരസഭ. നഗരസഭയ്ക്ക് കീഴിലുള്ള എല്ലാ സ്കൂളുകളും വൈദ്യുതിക്കായി സൗരോര്‍ജം ഉപയോഗപ്പെടുത്തണമെന്ന തീരുമാനം ഇപ്പോൾ മൂന്ന് സ്കൂളുകളിൽ പ്രാവര്‍ത്തികമായി.

 

കഴിഞ്ഞ ദിവസമാണ് ഗവ. സര്‍വജന വൊക്കേഷണൽ ഹയര്‍ സെക്കണ്ടറി സ്കൂളിൽ നഗരസഭാ ചെയര്‍മാൻ ടി കെ രമേശ് സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ബീനാച്ചി സ്കൂളിലും ഇതോടൊപ്പം സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. നേരത്തെ കുപ്പാടി സ്കൂളിലും സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിരുന്നു.

 

15 കിലോവാട്ട് ശേഷിയുള്ള ഓൺ ഗ്രിഡ് പ്ലാന്റുകളാണ് 21,63,999 രൂപ ചെലവഴിച്ച് സര്‍വജന സ്കൂളിലും ബീനാച്ചി സ്കൂളിലും സ്ഥാപിച്ചത്. നഗരസഭയുടെ വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെൽട്രോണാണ് പ്ലാന്റ് സ്ഥാപിച്ചതും അനുബന്ധ പ്രവൃത്തികൾ പൂര്‍ത്തിയാക്കിയതും. ഇക്കഴിഞ്ഞ മാര്‍ച്ചിൽ തന്നെ പ്ലാന്റിന്റെ പ്രവൃത്തികൾ ഏറെക്കുറെ പൂര്‍ത്തിയായിരുന്നെങ്കിലും സാങ്കേതിക സംവിധാനങ്ങളെല്ലാം പിഴവുകൾ കൂടി പരിഹരിച്ച് ഇപ്പോൾ പൂര്‍ണ സജ്ജമായി.

 

ഇപ്പോൾ ഈ സ്കൂളുകളിലെ ലാബുകളും ഓഫീസും ക്ലാസ് മുറികളും വൈദ്യുതി ഉപയോഗം ഏതാണ്ട് പൂര്‍ണമായി ഇപ്പോൾ സോളാര്‍ പ്ലാന്റിനെ ആശ്രയിച്ചാണ്. നേരത്തെ 9000 രൂപയോളം വൈദ്യുതി ബിൽ വന്നിരുന്ന സ്ഥാനത്ത് ഒടുവിൽ വന്നത് 500 രൂപയിൽ താഴെയുള്ള തുകയുടെ ബില്ല് മാത്രം.നഗരസഭ പരിധിയിലുള്ള എല്ലാ സ്കൂളുകളും സോളാര്‍ വൈദ്യുതിയെ മാത്രം ആശ്രയിക്കുന്ന രീതിയിലേക്ക് മാറാനാണ് പദ്ധയിയുടെ ലക്ഷ്യമെന്ന് നഗരസഭ ചെയര്‍മാൻ ടി കെ രമേശ് പറഞ്ഞു.

 

സര്‍ക്കാര്‍ സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. മൂന്ന് വലിയ സ്കൂളുകളും ഇതോടെ സോളാര്‍ പദ്ധതി ഉപയോഗപ്പെടുത്തി ഊര്‍ജസ്വയം പര്യാപ്തതയിലേക്ക് മാറിക്കഴിഞ്ഞു.

 

അടുത്ത ഘട്ടത്തിൽ ഓടപ്പളം, ചേനാട് സ്കൂളുകളിൽ പ്ലാന്റ് സ്ഥാപിക്കാനാണ് തീരുമാനം. ഇവിടങ്ങളിൽ ഇപ്പോൾ പുരോഗമിക്കുന്ന കെട്ടിട നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച ശേഷം പ്ലാന്റ് നിര്‍മാണം ആരംഭിക്കാനാണ് നഗരസഭ ഒരുങ്ങുന്നത്. അതിന് ശേഷം പൂമല, കൈപ്പഞ്ചേരി, പഴുപ്പത്തൂര്‍ സ്കൂളുകളിലേക്കും സോളാര്‍ പദ്ധതി വ്യാപിപ്പിച്ച് പദ്ധതി ലക്ഷ്യത്തിലെത്തിക്കാനാണ് നഗരസഭയുടെ താത്പര്യം.

പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് ഇപ്പോൾ സ്കൂളുകളിലെ വൈദ്യുതി ചെലവിനത്തിൽ നഗരസഭ ചെലവഴിക്കുന്നത്. ഓരോ സ്കൂളുകളിലായി പദ്ധതി പൂര്‍ത്തിയാവുമ്പോൾ ഈ ചെലവിലും ഗണ്യമായ കുറവ് വരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *