മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് പഠന സഹായമായി 2.1 കോടി രൂപ. സർക്കാർ അനു വദിച്ച 2.1 കോടി രൂപയിൽ 1.60 കോടി രൂപ വയനാട് ജില്ലാ കളക്ടറുടെ പേരില്‍ ട്രഷറിയില്‍ സ്ഥിര നിക്ഷേപം നടത്തി. 21 കുട്ടികളിൽ നാല് പേർക്ക് 18 വയസ് പൂർത്തിയായി. ബാക്കി 17 കുട്ടികളിൽ ഒൻപത് കുട്ടികൾക്കായാണ് ജില്ലാ കളക്ടറുടെ പേരിൽ പ്രത്യേക സ്ഥിര നിക്ഷേപ അക്കൗണ്ടുകൾ തുറന്നത്. 17 പേരിൽ ഒരു കുട്ടി തമിഴ്നാട് സ്വദേശിയാണ്. ഈ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരില്‍ ട്രഷറിയില്‍ സംയുക്ത അക്കൗണ്ട് ആരംഭിക്കുന്ന മുറയ്ക്ക് ജില്ലാ കളക്ടറുടെ പേരില്‍ സ്ഥിര നിക്ഷേപമായി തുക സൂക്ഷിക്കും. ബാക്കിയുള്ള ഏഴ് കുട്ടികളിൽ എല്ലാവരുടെയും പ്രായം ഏട്ട് വയസിൽ താഴെയായതിനാൽ ഇവർക്കുള്ള സ്ഥിര നിക്ഷേപം ആരംഭിച്ചിട്ടില്ല. ട്രഷറിയിൽ 10 വർഷത്തിൽ കൂടുതൽ സ്ഥിര നിക്ഷേപം നടത്താൻ സാങ്കേതിക തടസങ്ങളുള്ളതാണ് കാരണം. 2.1 കോടി രൂപയിൽ 1.60 കോടി രൂപ കിഴിച്ചുള്ള തുക നിലവിൽ ട്രഷറിയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
ട്രഷറിയിൽ 10 വർഷത്തിൽ കൂടുതൽ സ്ഥിര നിക്ഷേപം നടത്താനുള്ള സാങ്കേതിക തടസം പരിഹരിക്കുന്ന മുറയ്ക്ക് അക്കൗണ്ട് ആരംഭിച്ച് തുക നിക്ഷേപിക്കും. ട്രഷറിയില്‍ നിക്ഷേപിക്കുന്ന തുകയില്‍ നിന്നും മാസവസാനം 6250 രൂപയാണ് പലിശയായി ലഭിക്കുക. കുട്ടികൾക്ക് 18 വയസ് പൂർത്തിയായാൽ ട്രഷറിയിൽ നിന്നും തുക അക്കൗണ്ടുകളിലേക്ക് കൈമാറും.